പെരുമ്പാവൂർ: ഖത്തറിൽ നിന്ന് നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് രണ്ടേകാൽ കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പേഴക്കാപ്പിള്ളി കല്ലുവെട്ടിക്കുഴിയിൽ മുഹമ്മദ് അസ്ലം മൗലവി (50),കാഞ്ഞിരപ്പിള്ളി പാലക്കൽ മുഹമ്മദ് ബിജ്‌ലി (54) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദേശപ്രകാരം അറസ്റ്റ് ചെയ്തത്.
പെരുമ്പാവൂർ പാറപ്പുറത്ത് താമസിക്കുന്ന യുവാവ് ഖത്തറിൽ വ്യവസായിയായിരുന്നു. ബിസിനസ് തകർന്നതിനെത്തുടർന്ന് സാമ്പത്തികബാദ്ധ്യത കാരണം ഇയാൾക്ക് ഖത്തറിൽ നിന്ന് നാട്ടിലേക്ക് വരാനാകാത്ത അവസ്ഥയിലായി. ബാദ്ധ്യതതീർത്ത് ഇയാളെ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഒരു വർഷം മുമ്പാണ് മൗലവിയും കൂട്ടാളിയും ചേർന്ന് യുവാവിന്റെ ഭാര്യയിൽ നിന്ന് പല ഘട്ടങ്ങളിലായി തുക വാങ്ങിയത്. ഇത്തരത്തിൽ പ്രമുഖർ ഉൾപ്പടെ നിരവധിപേരെ വിദേശത്തെ സ്വാധീനത്തിന്റെ പേരിൽ നാട്ടിലെത്തിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് തുക കൈപ്പറ്റിയത്. എന്നാൽ പണം നഷ്ടമായതല്ലാതെ ഇവർ വാഗ്ദാനം നിറവേറ്റിയില്ല. തുടർന്നാണ് പൊലീസിൽ പരാതിപ്പെട്ടത്.
തട്ടിപ്പിൽ കൂടുതൽ പങ്കാളികളുണ്ടോ എന്നറിയാൻ അന്വേഷണം ഊർജിതമാക്കി. ഡി.വൈ.എസ്.പി വി. രാജീവ്, എസ്.ഐമാരായ പുഷ്പരാജ്,ബൈജു, എ.എസ്.ഐമാരായ ജോർജ് ആന്റണി,എ.എ രവിക്കുട്ടൻ,രവി,ഷാന്റി, എസ്.സി.പി.ഒമാരായ പ്രസാദ്,ശരത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.