കൊച്ചി: കൊവിഡ് വ്യാപന ഭീതിയിലും ഓണപ്പകിട്ട് കുറയ്ക്കാൻ മലയാളികൾ ഒരുക്കമല്ല. ഇത്തവണ നാടൊട്ടുക്കെയുള്ള ആഘോഷമില്ലെങ്കിലും ഓണം വീടുകളിൽ പൊടിപൊടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഓരോരുത്തരും. അത്തം പിറന്നതോടെ നഗരത്തിൽ ഓണത്തിരക്ക് പ്രകടമായി തുടങ്ങി. ഇന്നലെ കൊച്ചി നഗരത്തിൽ സാധങ്ങളും മറ്റും വാങ്ങാൻ ആളുകൾ സ്വകാര്യ വാഹനങ്ങളിൽ എത്തി. ഇത് പലയിടത്തും ഗതാഗത കുരുക്കുണ്ടാക്കി. ഇരുചക്രവാഹനങ്ങളേക്കാൾ കാറുകളും മറ്റുമാണ് നിരത്തുകളിൽ കീഴടക്കിയത്.

അതേസമയം കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. സാനിറ്റൈസറും മാസ്‌കും നിർബന്ധമാക്കിയിട്ടുണ്ട്. ഇതോടൊപ്പം സാമൂഹ്യ അകലം കർശനമായി നടപ്പാക്കാൻ കടലിലെ പ്രവേശനത്തിനും നിബന്ധനകൾ വരുത്തിയിട്ടുണ്ട്. ഭക്ഷ്യശാലകൾക്കും കാറ്ററിംഗ് യൂണിറ്റുകൾക്കും ഓണക്കാലത്തെ വില്പനയ്ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് മാർഗനിർദേശം പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി ഓണഫെയറുകളോ സ്റ്റോളുകളോ മറ്റും മേളകളോ ഒന്നും തന്നെ നഗരത്തില്ല. ടി.ഡി.എം ഹാളിൽ കഴിഞ്ഞ ദിവസം പായസ വിപണനമേള ആരംഭിച്ചിട്ടുണ്ട്. കൂടാതെ സപ്ലൈകോയുടെ ഓണം ഫെയർ ആരംഭിച്ചെങ്കിലും ഇവിടെ കാര്യമായ തിരക്കില്ല. തിരക്ക് ഒഴിവാക്കുന്നതിനായി വ്യാപാരികളും പൊലീസും നടപടി സ്വീകരിച്ചിട്ടുണ്ട്. തിരക്ക് കൂടുമെന്നതിനാൽ വരും ദിവസങ്ങളിൽ മാർഗനിർദേശം കടുപ്പിക്കാനും സാദ്ധ്യതയുണ്ട്.

ജാഗ്രത വേണം:

ഓണക്കാലത്ത് പുറത്തിറങ്ങുമ്പോൾ കൂടുതൽ ജാഗ്രത കൈക്കൊള്ളണമെന്നാണ് ആരോഗ്യവകുപ്പ് നിർദേശം. സാധനങ്ങൾ വാങ്ങാൻ കടകളിൽ പോകുമ്പോഴും ബന്ധുക്കളെ കാണുമ്പോഴും സർക്കാർ സർദേശങ്ങൾ പാലിക്കണം. എല്ലാവരും മാസ്‌കുകൾ കൃത്യമായി ധരിക്കുകയും ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈ കഴുകുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കടകളിലും മാർക്കറ്റുകളിലും തിരക്കിന് ഇടവരുത്തരുത്. സാമൂഹിക അകലം ഉറപ്പാക്കാൻ കടയുടമകളും ശ്രദ്ധിക്കണം. സദ്യ ഒരുക്കുന്നവരും കാറ്ററിംഗുകാരും ഹോട്ടലുകളും കൊവിഡ് പ്രോട്ടോകോൾ പാലിക്കണം.