മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽ താമസിക്കുന്ന വാഴപ്പിള്ളി മത്സ്യ മാർക്കറ്റിലെ തൊഴിലാളിയും, വാഴപ്പിള്ളി ജംഗ്ഷനിലെ ഓട്ടോ തൊഴിലാളിക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ വാർഡ് കണ്ടെയ്‌മെന്റ് സോണിന്റെ പരിധിയിലായി. ഇതോടൊപ്പം തന്നെ മൂവാറ്റുപുഴ നഗരസഭയിലെ വാഴപ്പിള്ളി ജംഗ്ഷൻ മുതൽ മുടവൂർ പാടശേഖരം വരെയുള്ള റോഡിന്റെ ഇരുവശത്തുമുള്ള കടകളും അടച്ചിടും. രോഗത്തിന്റെ ഉറവിടം കണ്ടെത്താത്തതും രോഗിയുടെ പ്രൈമറി സമ്പർക്ക ലിസ്റ്റ് കൂടുതൽ പേർ ഉൾപ്പെട്ടതിനാലും അതീവ ജാഗ്രത നിർദ്ദേശമാണ് ആരോഗ്യ വകുപ്പ് നൽകുന്നത്. സമ്പർക്ക ലിസ്റ്റ് ആരോഗ്യ വകുപ്പ് തയ്യാറാക്കി വരികയാണ്. പായിപ്ര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന അവലോകന യോഗത്തിൽ എൽദോ എബ്രഹാം എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ ഏലിയാസ്, വൈസ് പ്രസിഡന്റ് എം.പി.ഇബ്രാഹിം, തഹസീൽദാർ കെ.എസ്.സതീശൻ, മെമ്പർമാരായ മാത്യൂസ് വർക്കി, സീനത്ത് അസീസ്, കെ.ഇ. ഷിഹാബ്, മെഡിക്കൽ ഓഫീസർ കൃഷ്ണപ്രിയ, പോലീസ്, റവന്യൂ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.