arrest

കൊച്ചി: ലക്ഷങ്ങൾ വിലവരുന്ന എയർ കണ്ടീഷണറും വീട്ടുപകരണങ്ങളും കടത്തിയെന്ന കേസിൽ വിശാലകൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ എൻ. വേണുഗോപാലിനെയും മൂന്ന് ജീവനക്കാരെയും കടവന്ത്ര പൊലീസ് അറസ്റ്റുചെയ്തു. ജി.സി.ഡി.എ അസി. എൻജിനിയർ (സിവിൽ) ഷൈനി, മുൻ അസി. എക്‌സിക്യുട്ടീവ് എൻജിനിയർമാരായ മോഹനദാസൻ, ദിലീപ് ഗോപാലകൃഷ്ണൻ എന്നിവരാണ് അറസ്‌റ്റിലായ മറ്റുള്ളവർ. പ്രതികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നതിനാൽ അറസ്റ്റുചെയ്തശേഷം വിട്ടയച്ചു.
2016 ഡിസംബറിലാണ് ജി.സി.ഡി.എ ചെയർമാനായി സി.എൻ. മോഹനൻ ചുമതലയേൽക്കുന്നത്. ഗാന്ധിനഗറിലുള്ള ചെയർമാന്റെ ഔദ്യോഗിക വസതിയിൽനിന്ന് എയർ കണ്ടീഷണറുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ മോഷണം പോയതായി കണ്ടെത്തി.

2017 ജനുവരിയിൽ അന്നത്തെ ജി.സി.ഡി.എ സെക്രട്ടറി കടവന്ത്ര പൊലീസിൽ പരാതി നൽകി. മാസങ്ങൾക്കുശേഷം ഒരു എസി, സോഫാസെറ്റി, കസേര എന്നിവ ജി.സി.ഡി.എ നിയന്ത്രണത്തിലുള്ള മുണ്ടംവേലിയിലെ മത്സ്യഫാമിൽനിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. എന്നാൽ മറ്റ് എസികൾ, ഡൈനിംഗ് മേശ, ഫാനുകൾ, അടുക്കള ഉപകരണങ്ങൾ എന്നിവ കണ്ടെടുക്കാനുണ്ട്. എൻ വേണുഗോപാൽ ജി.സി.ഡി.എ ചെയർമാനായി സ്ഥാനമേറ്റശേഷം 58 ലക്ഷം രൂപ ചെലവിൽ ഗസ്റ്റ് ഹൗസ് പുതുക്കിപ്പണിതിരുന്നു. ലക്ഷങ്ങളുടെ ഫർണിച്ചറും വാങ്ങി. സി.എൻ. മോഹനൻ അവിടെ താമസത്തിനെത്തിയപ്പോൾ ശൂന്യമായ മുറികളാണുണ്ടായിരുന്നത്.
ഔദ്യോഗിക കൃത്യ നിർവഹണത്തിലെ വീഴ്ച, അനുമതിയില്ലാതെ സാധനങ്ങൾ മാറ്റൽ, അഴിമതി തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരുന്നത്.