കൊച്ചി: തുടർച്ചയായുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളും വന്യമൃഗശല്യവും മൂലം പരിതാപകരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന കർഷകരെയും കാർഷിക വൃത്തിയെയും സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് സീറോമലബാർ സഭയുടെ മെത്രാൻ സിനഡ് സർക്കാരിനോട് ആവശ്യപ്പെട്ടു.

ഉത്പന്നങ്ങളുടെ വിലത്തകർച്ച കർഷകരുടെ നിലനില്പിനെ അപകടത്തിലാക്കി. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ ജനവാസമേഖലകളെ പരിസ്ഥിതിലോലപ്രദേശങ്ങളായി ഉൾപ്പെടുത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ശ്രമങ്ങൾ വീണ്ടും ഉണ്ടാകുന്നത് അപലപനീയമാണ്. കാർഷികവായ്പകളുടെ പലിശയെങ്കിലും എഴുതിത്തള്ളാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണം.

റബ്ബർ ഉൾപ്പെടെ കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കാൻ സർക്കാർ ഇടപെടണം.

സഭാചരിത്രത്തിൽ ആദ്യമായി ഓൺലൈനായാണ് സിനഡ് സമ്മേളിച്ചത്. ഇന്ത്യയിലും വിദേശത്തുമുള്ള 62 മെത്രാന്മാർ സിനഡിൽ പങ്കെടുത്തു. മേജർ ആർച്ചുബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.