കാലടി: വാഹനങ്ങൾ, ഇൻവെർട്ടർ അടക്കം ഉപയോഗ ശൂന്യമാകാറായ ബാറ്ററികൾ വീണ്ടും ചാർജ് ചെയ്ത് ഉപയോഗിക്കാനാകുന്ന ഉപകരണം വികസിപ്പിച്ചെടുത്ത് കാലടി ആദിശങ്കര എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ. ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിഭാഗത്തിലെ മൂന്നാം വർഷ വിദ്യാർത്ഥികളായ ഭഗത്ത് ശിവദാസൻ, യു.അഭയ്കൃഷ്ണ, ഡാലിയജോസഫ് എന്നിവർ ചേർന്നാണ് ഡീപ്പ് ഡിസ്ച്ചാർജ്ഡ് ബാറ്ററി ചാർജർ എന്ന ഉപകരണം വികസിപ്പിച്ചെടുത്തത്. കൊവിഡ് പശ്ചാത്തലത്തിൽ വാഹനങ്ങൾ നിരത്തിലിറക്കാൻ കഴിഞ്ഞിട്ടില്ല. അതുമൂലം വാഹനങ്ങളിലെ ബാറ്ററികൾ നശിച്ചു പോകുകയാണ്. ഇതിന് ഒരു പരിഹാരം കാണുന്നതിനായാണ് വിദ്യാർത്ഥികൾ ചാർജിംഗ് യൂണിറ്റ് വികസിപ്പിച്ചത്. ഇന്ന് പ്രചാരത്തിലുള്ള ചാർജിംഗ് സംവിധാനങ്ങൾ ബാറ്ററികളുടെ ദീർഘകാല ഉപയോഗ ക്ഷമത കുറക്കും. കൂടാതെ ചെലവും കൂടുതലാണ്. എന്നാൽ വിദ്യാർത്ഥികൾ വികസിപ്പിച്ച ഉപകരണത്തിന് അഞ്ഞൂറു രൂപ മാത്രമാണ് അധിക ചെലവ്. എത്ര ബാറ്ററി വേണമെങ്കിലും ഇത് ഉപയോഗിച്ച് ചാർജ് ചെയ്യാനാകും. വകുപ്പ് മേധാവി പ്രൊഫസർ എസ്.ഗോമതി, ഡോ.ജിനോപോൾ, ടെക്‌നിക്കൽ സ്റ്റാഫ് ലൈസൺ ജോൺ എന്നിവർ നേതൃത്വം നൽകി.