teacher

കൊച്ചി: ആറു വർഷം പിന്നിടുമ്പോഴും ജോലി സ്ഥിരതയും വേതനവുമില്ലാതെ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ 250 അദ്ധ്യാപകർ. 2014 - 2015 അദ്ധ്യയന വർഷത്തിൽ ആരംഭിച്ച 43 ബാച്ചുകളിൽ പഠിപ്പിക്കുന്നവർക്കാണ് ജീവിതം വഴിമുട്ടിയത്.

ഇവരിലേറെയും മാനേജ്മെന്റുകൾക്ക് ലക്ഷങ്ങൾ കോഴ കൊടുത്തവരാണ്.തസ്തിക നിർണയത്തിൽ മാനദണ്ഡങ്ങൾക്ക് പുറത്തായ ഇവർ ഏതു നിമിഷവും ജോലി അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ്. കൊവിഡ് കാലത്ത് പഠനം ഓൺലൈനിലായതോടെ ആശങ്കയേറി.

ഹയർ സെക്കൻഡറി സ്‌കൂളില്ലാത്ത പഞ്ചായത്തുകളിൽ തെക്കൻ മേഖലയിൽ 142 ഉം വടക്കൻ മേഖലയിൽ 168 സ്‌കൂളുകളും അധിക ബാച്ചുകളുമാണ് അനുവദിച്ചത്. കുറഞ്ഞത് 40 കുട്ടികളായിരുന്നു നിബന്ധന. 2015ൽ ഇത് 50 ആക്കി.2014ന് മുമ്പുള്ള ബാച്ചുകളി​ൽ 25 കുട്ടികൾ മതിയെന്ന മാനദണ്ഡം നിലനിൽക്കുമ്പോഴാണ് ഈ അദ്ധ്യാപകർ ബഹി​ഷ്കൃതരാവുന്നത്.

2014ൽ പ്രവേശനം നേടി​യ കുട്ടി​കളി​ൽ ചി​ലർ മറ്റു സ്‌കൂളുകളിലേക്ക് പോയപ്പോഴാണ് കുറവുണ്ടായത്. .2015 ൽ ആരംഭിച്ച ബാച്ചുകളിലും ഇതേ പ്രശ്‌നം ആവർത്തി​ച്ചു. പിന്നീട് വിദ്യാർത്ഥികൾ വർദ്ധിച്ചെങ്കിലും സർക്കാർ തസ്തിക നിർണയിച്ച് നിയമനം നടത്തിയില്ല.

'ആറു വർഷമായി അദ്ധ്യാപക തസ്തിക സൃഷ്ടിച്ചിട്ടില്ല. ഇനിയെങ്കിലും ഒരു ബാച്ചിൽ 40 കുട്ടികളുണ്ടെങ്കിൽ അംഗീകാരം നൽകണം'.

-എസ്. മനോജ്
സംസ്ഥാന ജനറൽ സെക്രട്ടറി
എ.എച്ച്. എസ്.ടി.എ

'വിഷയം ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അന്വേഷിച്ച് നടപടികൾ സ്വീകരിക്കും'.

-കെ.ജീവൻ ബാബു

പൊതു വിദ്യാഭ്യാസ ഡയറക്ടർ