നെടുമ്പാശേരി: വിഷരഹിത പച്ചക്കറി സ്വയം ഉത്പാദിപ്പിക്കുവാൻ വ്യാപാരികളെ സജ്ജരാക്കുന്നതിനായി നെടുമ്പാശേരി മേഖലയിലെ വ്യാപാരികൾക്കായി രൂപീകരിച്ച മർച്ചന്റ്‌സ് ഫാർമേഴ്‌സ് ക്ലബ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്തു.
നേരത്തെ സർക്കാർ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതി നെടുമ്പാശേരി മേഖലയിൽ വിജയകരമായതിനെ തുടർന്നാണ് വ്യാപാരികളുടെ കൂട്ടായ്മക്കായി സ്ഥിരം സംവിധാനമൊരുക്കുന്നത്. മേഖലയിലെ ശ്രീമൂലനഗരം, നെടുമ്പാശേരി, ചെങ്ങമനാട്, പാറക്കടവ്, കുന്നുകര എന്നീ പഞ്ചായത്തുകളിലെ വ്യാപാരി കർഷകരെ ഉൾപ്പെടുത്തിയാണ് ക്ലബ് രൂപീകരിച്ചിരിക്കുന്നത്. ജൈവ കൃഷി രീതികളെ സംബന്ധിച്ച് വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാറുകൾ, കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ മത്സരങ്ങൾ, കൃഷിക്ക് ആവശ്യമായ വിത്തുകളും അനുബന്ധ സാധനങ്ങളും സബ്‌സിഡിയിൽ നൽകുക തുടങ്ങിയവ ഇനിമുതൽ ഫാർമേഴ്‌സ് ക്ലബ് ഏറ്റെടുത്തു നടത്തും.
പ്രസിഡന്റ് എ.വി. രാജഗോപാൽ അദ്ധ്യക്ഷനായി. ഭാരവാഹികൾളായി എ.വി. രാജഗോപാൽ (പ്രസിഡന്റ് - റിട്ട.കൃഷി ഓഫീസർ), സാലു പോൾ (ജനറൽ സെക്രട്ടറി), പി.എൻ. രാധാകൃഷ്ണൻ (ട്രഷറർ -റിട്ട. കൃഷി ഓഫീസർ), പി.കെ. എസ്‌തോസ്, പി.പി. ശ്രീവത്സൻ (കോഓർഡിനേറ്റർമാർ ) ആനി റപ്പായി (വൈ. പ്രസിഡന്റ്), സിജോ ജോർജ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.