കൊച്ചി: അദ്ധ്യാപക നിയമനങ്ങൾക്കുള്ള റാങ്ക് ലിസ്റ്റിന് പൊതുപരീക്ഷയ്ക്ക് പകരം സ്കോർ സമ്പ്രദായം നടപ്പാക്കാനുള്ള കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ് ) തീരുമാനം പിന്നാക്ക സമുദായങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക.
അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലെ നിയമനത്തിന് സ്കോർ നടപ്പാക്കാനാണ് ഉത്തരവ്. മറ്റു സർവകലാശാലകളും ഇതേ രീതി സ്വീകരിക്കാനും സാദ്ധ്യതയുണ്ട്.
ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണ പ്രബന്ധങ്ങൾ, നെറ്റ്, അവാർഡുകൾ തുടങ്ങിയവ പരിശോധിച്ചാണ് സ്കോർ നിർണയിക്കുക.
എല്ലാ അപേക്ഷകർക്കും എഴുത്തു പരീക്ഷയോ അഭിമുഖമോ നടത്തിയായിരുന്നു മുമ്പ് നിയമനങ്ങൾ. ഇനി എഴുത്തു പരീക്ഷ ഉണ്ടാകില്ല.അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് അക്കാഡമിക് മികവിന് 80, ഗവേഷണ പ്രബന്ധങ്ങൾക്ക് 10, അദ്ധ്യാപന പരിചയത്തിന് 10 എന്നിങ്ങനെയാണ് സ്കോർ. അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകൾക്കും ഇതേ മാനദണ്ഡമാണ്.ബിരുദം, ബിരുദാനന്തര ബിരുദം, നെറ്റ്, ജെ.ആർ.എഫ് എന്നിവയുടെ മാർക്ക് ശതമാനം അടിസ്ഥാനമാക്കിയുള്ള സ്കോറും ഉത്തരവിൽ വിശദീകരിച്ചിട്ടുണ്ട്.
പട്ടികജാതി, പട്ടിക വർഗ, പിന്നാക്ക വിഭാഗങ്ങൾക്ക് അവസരം നഷ്‌ടപ്പെടാൻ സ്കോർ സമ്പ്രദായം കാരണമാകുമെന്ന് അദ്ധ്യാപക സമൂഹം ആരോപിക്കുന്നു. എഴുത്തു പരീക്ഷയിൽ ഉയർന്ന റാങ്ക് ലഭിച്ചാൽ ഇവർക്ക് ജനറൽ വിഭാഗത്തിൽ നിയമനം കിട്ടുമായിരുന്നു. സ്കോർ പരിഗണിക്കുമ്പോൾ പലരും പിന്തള്ളപ്പെടാം. ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ ഘടകങ്ങളിൽ ഈ വിഭാഗങ്ങളിലെ പലർക്കും പൊതുവേ മാർക്ക് കുറവായിരിക്കും. ഇനി മുതൽ സംവരണത്തിൽ മാത്രമേ നിയമനം ലഭിക്കൂവെന്ന അവസ്ഥയുണ്ടാകും. ഏത് വിഭാഗക്കാരായാലും പ്രായമേറിയവർക്ക് ഉയർന്ന സ്കോർ ലഭിക്കാനുമിടയില്ല. നാലോ അഞ്ചോ വർഷത്തിനിടെ ബിരുദ, ബിരുദാനന്തര പരീക്ഷകൾ ജയിച്ചവർക്ക് 75 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിക്കുന്നത് സാധാരണമാണ്.
യു.ജി.സി നിർദ്ദേശമെന്ന്
യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചാണ് സ്കോർ സമ്പ്രദായം നടപ്പാക്കുന്നതെന്നാണ് സർവ്വകലാശാലയുടെ വിശദീകരണം. 2018 ലെ യു.ജി.സി റഗുലേഷൻസ് പ്രകാരമാണ് നടപടി. ഡീൻമാരുടെ കമ്മിറ്റി സമർപ്പിച്ച ശുപാർശ പ്രകാരമാണ് പുതിയ രീതി ..അദ്ധ്യാപക തസ്തികകളിൽ ഒഴിവുകളുടെ പത്തിരട്ടി അപേക്ഷകളാണ് ലഭിക്കുന്നത്. ഉയർന്ന സ്കോർ ലഭിച്ചവരെ അഭിമുഖത്തിന് ശേഷം തിരഞ്ഞടുക്കുകയാണ് ലക്ഷ്യമെന്ന് സർവകലാശാലാ രജിസ്ട്രാർ പറഞ്ഞു.