കോലഞ്ചേരി: ഓണത്തിന് ഉപ്പേരിയിലും മലയാളിയുടെ കൈ പൊള്ളും. കായ വില കൂടിയതോടെ ഉപ്പേരി വിലയ്ക്കും തീ പിടിച്ചു. ഉപ്പേരി വിട്ടൊരു കളിയില്ല മലയാളിക്ക്. ഒറ്റയാഴ്ചയിൽ 150 രൂപവരെ വിലയേറി.
കായ വറുത്തതും,ശർക്കര വരട്ടിയും 350 നും നുറുക്ക് ഉപ്പേരി 375 നുമാണ് വില്പന. കഴിഞ്ഞയാഴ്ച വരെ ഉപ്പേരിയും ശർക്കര വരട്ടിയും 250 രൂപയ്ക്കും നുറുക്ക് 275 രൂപയ്ക്കും വിറ്റതാണ്. ഇനിയും വില ഉയരുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
കായ വില ഒറ്റയടിയ്ക്ക് 20 രൂപ വരെ കൂടിയതാണ് പ്രശ്നം. നാടൻ കായ കിട്ടാനില്ല, വരവും കൃത്യമായി എത്തുന്നില്ല. വഴിയോര കച്ചവടങ്ങൾക്ക് ആവശ്യക്കാർ കൂടിയതോടെ മാർക്കറ്റുകളിലും ഏത്തക്കായയ്ക്ക് ക്ഷാമമാണ്. കൊവിഡ് മാന്ദ്യത്തിൽനിന്ന് വിപണി കരകയറിവരുകയാണിപ്പോൾ. സർക്കാർ ജീവനക്കാർക്കും തൊഴിലാളികൾക്കും ബോണസ് കിട്ടുന്നതോടെ ഈ ആഴ്ച വിപണിയിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. ബേക്കറികൾക്ക് പുറമേ നാട്ടിൻപുറങ്ങളിൽ കുടിൽ വ്യവസായമായും ഉപ്പേരി നിർമ്മിച്ച് വിൽപ്പനയുണ്ട്. ഏത്തക്കായ ക്ഷാമം ഇത്തവണ വിപണിയിൽ പ്രകടമാണെന്ന് റോയൽ ബേക്കറിയുടമ ബഷീർ പറഞ്ഞു. മുൻകാലങ്ങളെ പോലെ തമിഴ്‌നാട്ടിൽനിന്ന് ഏത്തക്കായ എത്തുന്നില്ല. ഓണത്തിന് പാകമാകുമെന്ന പ്രതീക്ഷയിൽ കൃഷിയിറക്കിയ നാട്ടിലെ കർഷകർക്ക് കനത്ത മഴ തിരിച്ചടിയായി. ഓണക്കുലകൾ ഒടിഞ്ഞതു കൂടാതെ വാഴത്തോട്ടം വെള്ളത്തിൽ മുങ്ങിയതോടെ കൃഷിയും നശിച്ചു.