y-con
ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് മാട്ടുമ്മൽ റോഡിൽ ജലസേചന വകുപ്പിന്റെ ഭൂഗർഭ പൈപ്പ് സ്ഥിരമായി പൊട്ടി റോഡ് തകർന്ന സ്ഥലത്ത് യൂത്ത് കോൺഗ്രസ് വാഴ നട്ടു പ്രതിഷേധിക്കുന്നു

ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ മാട്ടുമ്മൽ റോഡിൽ ജലസേചന വകുപ്പിന്റെ ഭൂഗർഭ പൈപ്പ് സ്ഥിരമായി പൊട്ടി റോഡ് തകർന്നിട്ടും ബന്ധപ്പെട്ടവർ നടപടിയെടുക്കാത്തതിനെതിരെ കോൺഗ്രസ് റോഡിലെ കുഴിയിൽ വാഴ നട്ടു പ്രതിഷേധിച്ചു.

ആറു മാസത്തിനിടെ നാലാമത്തെ തവണയാണ് മാട്ടുമ്മൽ റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുകയും റോഡ് തകരുകയും ചെയ്തത്. സമീപവാസികൾ നിരന്തരം പരാതി പറഞ്ഞപ്പോൾ വാട്ടർ അതോറിറ്റിയിൽ നിന്നും ഉദ്യോഗസ്ഥർ വന്നെങ്കിലും ശാശ്വത പരിഹാരമുണ്ടായില്ല. പൈപ്പ് അറ്റുകുറ്റപ്പണിക്കായി റോഡിൽ വലിയ കുഴിയെടുത്തിട്ടും ടാറിംഗ് നടത്തിയില്ല. ഇതേതുടർന്ന് കുഴി വലുതാവുകയും ഇരുചക്രവാഹനങ്ങൾ മറിഞ്ഞു വീഴുന്നതും പതിവാണ്. കഴിഞ്ഞ ഒരു മാസമായി വീണ്ടും പൈപ്പ് പൊട്ടി വെള്ളം പോവുകയാണ്.

യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം മുൻ പ്രസിഡന്റ് കെ.എസ്. മുഹമ്മദ് ഷെഫീക്ക് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് കെ.കെ. രാജു അദ്ധ്യക്ഷത വഹിച്ചു. എം.എസ്. ഷാജഹാൻ, നസീർ മട്ടുമ്മൽ, സിദ്ദിഖ് ഹമീദ്, അഹമ്മദ് കുഞ്ഞ് എന്നിവർ നേതൃത്വം നൽകി.