മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ്.സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും വിവിധ ക്ലബുകളുടെയും സംയുക്താഭിമുഖ്യത്തിൽ ലോക വയോജന ദിനവും ലോക നാട്ടറിവ് ദിനവും ഓൺലൈനായി ആഘോഷിച്ചു. വയോജന ദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ വീട്ടിലും പരിസരത്തുമുള്ള അറുപത് വയസിന് മുകളിലുള്ള വയോജനങ്ങൾക്കൊപ്പം അനുഭവങ്ങൾ പങ്കുവെയ്ക്കുകയും ഒപ്പം സെൽഫി എടുക്കുകയും ചെയ്തു. മികച്ച ഫോട്ടോകൾക്ക് സമ്മാനവും നൽകി. ലോക നാട്ടറിവ് ദിനത്തിന്റെ ഭാഗമായി നൂറോളം ഔഷധ സസ്യങ്ങൾ വിദ്യാർത്ഥികൾ ശേഖരിയ്ക്കുകയും അവയുടെ പേരും ഔഷധ മൂല്യങ്ങളെക്കുറിച്ചും പരിചയപ്പെടുത്തുന്ന വീഡിയോകളും പോസ്റ്ററും തയ്യാറാക്കി പരസ്പരം ഷയർ ചെയ്തു. കൂടാതെ ശേഖരിച്ച ഔഷധ സസ്യങ്ങളെ ഉണക്കി പ്രത്യേക രീതിയിൽ തയ്യാറാക്കി ഒരു ചാർട്ട് പേപ്പറിൽ ഒട്ടിച്ച് ഔഷധ സസ്യങ്ങളുടെ ഹെർബേറിയവും, ഇവയുടെ ഗുണങ്ങളും ചിത്രങ്ങളും ചേർത്ത് ഒരു ബുക്ക് ലെറ്റും തയ്യാറാക്കി. കൃഷ്ണ വിശ്വന് ഒന്നാം സ്ഥാനവും, അഞ്ജന കുറുപ്പിന് രണ്ടാംസ്ഥാനവും ലഭിച്ചു. സ്കൂൾ പ്രിൻസിപ്പൽ റോണി മാത്യു, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, അഗ്രികൾച്ചർ റ്റീച്ചേഴ്സായ റനിത ഗോവിന്ദ്, പൗലോസ് റ്റി, പി.ടി.എ പ്രസിഡന്റ് പി റ്റി.അനിൽകുമാർ മദർ പി.ടി.എ ചെയർപേഴ്സൺ സിനിജ സനൽ തുടങ്ങിയവർ നേതൃത്വം നൽകി.