sudheesh

കോതമംഗലം: കൊവിഡ് സുധീഷിന്റെ ജോലി കളഞ്ഞു, പക്ഷേ പെരിയാർ ഈ യുവാവിനെ കൈവിട്ടില്ല. തട്ടേക്കാടെത്തുന്ന സ്വദേശികളും വിദേശികളുമായ പക്ഷി നിരീക്ഷകരുടെ പ്രിയപ്പെട്ട ഗൈഡാണ് സുധീഷ് തട്ടേക്കാട്ട്.

കൊവിഡ് കാലത്ത് ഒരു സഞ്ചാരി പോലും തട്ടേക്കാട്ടെത്തുന്നില്ല. വിനോദസഞ്ചാരമേഖലയൊട്ടാകെ നടുവൊടിഞ്ഞുകിടപ്പാണ്.

ജീവിതം വഴിമുട്ടിയതോടെ വഞ്ചിയും വലയുമായി പെരിയാറിലേക്കിറങ്ങി ഇദ്ദേഹം. ഇത്രയും കാലം തനിക്ക് അന്നവും ജീവിതവുമേകിയ തട്ടേക്കാടും നദിയും കാടും തന്നെ കൈവിടില്ലെന്ന ഉറപ്പുണ്ടായിരുന്നെന്ന് സുധീഷ് പറഞ്ഞു. കൂട്ടുകാരായ അനീഷും സന്തോഷും ഒപ്പം കൂടി.

പ്രതീക്ഷ തെറ്റിയില്ല, ദിവസവും വഞ്ചി നിറയെ മീനുമായാണ് ഇവർ കരയിലെത്തുന്നത്. ഇപ്പോൾ ചാളപ്പരലിന്റെ സമയമാണ്. 50-60 കി​ലോ ദി​വസവും കി​ട്ടും. കിലോ നൂറു രൂപ നിരക്കിലാണ് വിൽപ്പന. പെടയ്ക്കണ മീൻ വാങ്ങാൻ ആവശ്യക്കാരേറെയുണ്ട്.

വർഷങ്ങളായി പക്ഷി​നി​രീക്ഷകനാണ് സുധീഷ്. ആ അനുഭവസമ്പത്തിന്റെ വെളിച്ചത്തിലാണ് വർഷങ്ങൾക്ക് മുമ്പ് ഗൈഡ് പണി​ തുടങ്ങി​യത്. പ്രശസ്തമായ തട്ടേക്കാട് പക്ഷി​ സങ്കേതത്തി​ന്റെ മുക്കും മൂലയും സുധീഷി​ന് സുപരി​ചി​തമാണ്. ജീവി​തം സുഗമമായി​ പോകുന്നതി​നി​ടെയാണ് കൊവി​ഡ് മഹാമാരി​യുടെ വരവ്. തട്ടേക്കാടും പരി​സരത്തുമുള്ള ടൂറി​സം രംഗത്തെ എല്ലാവർക്കും ഇപ്പോൾ വറുതി​ക്കാലമാണ്.