cpm
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയത്തിൽ പ്രതിഷേധിച്ച് ഭവനങ്ങൾ സമര കേന്ദ്രങ്ങളാക്കികൊണ്ട് സി.പി.എം. ദേശീയ തലത്തിൽ സംഘടിപ്പിച്ച സമരത്തിന്റെ ഭാഗമായി മുൻ എം.എൽ.എ ഗോപി കോട്ടമുറിക്കൽ കുടുംബാംഗങ്ങളോടൊപ്പം അമ്പലകുന്നിലെ വീട്ടിൽ സമരം നടത്തുന്നു.

മൂവാറ്റുപുഴ:കൊവിഡ് കാലത്ത് കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച് സി.പി.എം നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി മൂവാറ്റുപുഴ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ അയ്യായിരം ഭവനങ്ങളിൽ സത്യാഗ്രഹ സമരം നടത്തി. ഏരിയ കമ്മിറ്റി ഓഫീസിലും വിവിധ ലോക്കൽ കമ്മിറ്റി ഓഫീസുകളിലും നടത്തിയ സരത്തോടൊപ്പം, പ്രവർത്തകരുടേയും അനുഭാവികളുടേയും പാർടി ബന്ധുക്കളുടേയും വീടുകൾ സമര കേന്ദ്രങ്ങളാക്കി. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ കുടുംബാംഗങ്ങളോടൊപ്പം അമ്പലകുന്നിലെ വീട്ടിൽ സമരത്തിൽ പങ്കെടുത്തു . മൂവാറ്റുപുഴ ഏരിയ കമ്മറ്റി ഓഫീസിൽ നടന്ന സമരത്തിന് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ അഡ്വ. പി.എം. ഇസ്മായിൽ, പി.ആർ.മുരളീധരൻ, ഏരിയ സെക്രട്ടറി എം.ആർ. പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി. പായിപ്ര ലോക്കൽ കമ്മിറ്റി ഓഫീസിൽ നടന്ന സമരത്തിന് ലോക്കൽ സെക്രട്ടറി ആർ. സുകുമാരൻ , പി.കെ.എസ് സംസ്ഥാന കമ്മിറ്റി അംഗം വി.ആർ. ശാലിനി എന്നിവർ നേതൃത്വം നൽകി. ഇന്നലെ വൈകിട്ട് 4 മുതൽ 4.30 വരെയായിരുന്നു സത്യാഗ്രഹസമരം .ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആറ് മാസത്തേക്ക് പ്രതിമാസം 7500രൂപവീതം അക്കൗണ്ടിൽ നിക്ഷേപിച്ച് നൽകുക , പാവങ്ങൾക്ക് പ്രതിമാസം 10കിലോവീതം ഭക്ഷ്യധാന്യം നൽകുക, തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള 200ദിവസത്തെ ജോലി വർദ്ധിപ്പിച്ച വേതനത്തിന്റെ അടിസ്ഥാ നത്തിൽ നൽകുക തുടങ്ങിയ 16 ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സി.പി.എം സമരം സംഘടിപ്പിച്ചത്.