കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിലെ 15ാം വാർഡിൽ എം.സി.റോഡരികിലെ വട്ടയ്ക്കാട്ടുപടിയിൽ സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം തള്ളി. ശനിയാഴ്ച രാത്രിയിലാണ് റോഡരികിലെ പുല്ല് മൂടിക്കിടക്കുന്ന സ്ഥലത്ത് രാത്രി കക്കൂസ് മാലിന്യം തള്ളിയത്. ഇത് താഴ്ന്ന പ്രദേശങ്ങളിലെ ജലസ്രോതസുകളിലേക്ക് ഒഴുകിയെത്തുമെന്ന ഭയവും നാട്ടുകാർക്കുണ്ട്. ഇത് ചൂണ്ടിക്കാണിച്ച് ആരോഗ്യ വകുപ്പ്, പൊലിസ് എന്നിവർക്ക് നാട്ടുകാർ പരാതി നൽകി. ആരോഗ്യ വകുപ്പ് അധികൃതരെത്തി ഇവിടെ ബ്ബീച്ചിംഗ് പൗഡർ വിതറി അണു നശീകരണം നടത്തി. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് മാലിന്യം തള്ളിയ വാഹനം കണ്ടെത്തുന്നതിനുള്ള നടപടി ആരംഭിച്ചതായും അധികൃതർ പറഞ്ഞു.