203 കുടുംബങ്ങൾക്ക് നാളെ പട്ടയം ലഭിക്കും
ഫോർട്ടുകൊച്ചി: ആറ് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് അവസാനം. ഫിഷർമെൻ കോളനിവാസികളുടെ പട്ടയം എന്ന സ്വപ്നം സഫലമാവുന്നു. ചൊവ്വാഴ്ച റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ഓൺലൈനായി വിതരണം നിർവഹിക്കും.
വേർതിരിച്ച് അപേക്ഷ നൽകേണ്ടതിന് പകരം കൂട്ടമായാണ് ഇവർ അപേക്ഷിച്ചത്. നിരവധി സമരങ്ങൾ ഇതിനായി നടത്തേണ്ടി വന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് കടൽ വെച്ച ഭൂമിയിൽ സർവേ നടത്താൻ പറ്റില്ലെന്ന് അറിയിപ്പ് വന്നത്. ഇതു സംബന്ധിച്ച് നിരവധി തവണ കേരള കൗമുദി വാർത്ത നൽകിയിരുന്നു.
സ്ഥലം എം.എൽ.എ കെ.ജെ. മാക്സി വിഷയത്തിൽ ഇടപെട്ട് റവന്യൂ വിഭാഗം നടത്തിയ അന്വേഷണത്തിന്ശേഷമാണ് ഓരോ കുടുംബവും വെവ്വേറെ അപേക്ഷിക്കാൻ നിർദേശിച്ചത്. തുടർന്ന് ഇതു പ്രകാരം അപേക്ഷ നൽകി ചുവപ്പുനാടയിൽ നിന്നും ഒഴിവായി. ആ സമയം പെരുമാറ്റച്ചട്ടം നിലവിൽ വന്നു. തുടർന്ന് ജില്ലാ കളക്ടർ മാറി. ഇതും തടസം സൃഷ്ടിച്ചു. കഴിഞ്ഞ ജനുവരി 20 ന് എല്ലാ നടപടികളും പൂർത്തിയായെങ്കിലും റവന്യൂ മന്ത്രിക്ക് ഒഴിവില്ലാത്തതിനാൽ മാറ്റി വെക്കുകയായിരുന്നു. അന്ന് മുടങ്ങിയ ചടങ്ങാണ് നാളെ നടക്കാൻ പോകുന്നത്.
പട്ടയം ലഭിക്കാത്തതുമൂലം ഇവിടെ താമസിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം വരെ മുടങ്ങി. നാളെ 11 നാണ് ചടങ്ങ്. കെ.ജെ. മാക്സി എം.എൽ.എ, തഹസിൽദാർ സുനിത ജേക്കബ് തുടങ്ങിയവരും സംബന്ധിക്കും.
പട്ടയം ലഭിക്കുന്നത്
ഫിഷർമെൻ കോളനി103
രാമേശ്വരം കോളനി 4
വൈപ്പിൻ മേഖല 96
• ഇതോടൊപ്പം കൈവശ രേഖകളും കൈമാറും.