ആലുവ: കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന് വ്യാപാര സ്ഥാപനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് നിർദ്ദേശിച്ചു. സ്ഥാപനങ്ങൾ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. പ്രവർത്തന സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ്.
തിരക്കൊഴിവാക്കാൻ ക്യൂ, ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തണം. കടയിൽ ഒരേ സമയം പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം പുറത്ത് പ്രദർശിപ്പിക്കണം. കടയുടെ അകത്തും പുറത്തും സാമൂഹ്യ അകലം പാലിക്കാനുള്ള സംവിധാനം ഒരുക്കണം. 500 ചതുരശ്ര അടിയിൽ കൂടുതൽ ഉള്ളതോ അഞ്ച് ജീവനക്കാരിൽ കൂടുതൽ ഉള്ളതോ ആയ സ്ഥാപനങ്ങളിൽ തെർമൽ സ്‌കാനർ നിർബന്ധമാണ്. ജീവനക്കാരും ഉപഭോക്താക്കളും മാസ്‌ക് ധരിച്ചിരിക്കണം. സാനിറ്റൈസർ സംവിധാനവും വേണം. ജീവനക്കാരുടെ അസുഖ വിവരങ്ങൾ രേഖപ്പെടുത്താനുള്ള രജിസ്റ്റർ ഒരുക്കണം. രോഗ ലക്ഷണം ഉള്ളവരെ ഒഴിവാക്കണം. ദിവസവും അണുവിമുക്തമാക്കണം.
സന്ദർശകരുടെ പേര് ഫോൺ നമ്പർ കടയിൽ പ്രവേശിച്ച സമയം, പുറത്തിറങ്ങിയ സമയം എന്നിവ രേഖപ്പെടുത്തണം. തുണിക്കടകളിൽ വസ്ത്രങ്ങൾ തൊട്ടു പരിശോധിക്കാനോ ധരിച്ചു നോക്കാനോ, വിറ്റത് തിരച്ചെടുക്കാനോ അനുവദിക്കില്ല. ഭക്ഷണ ശാലകളിൽ പരിസ്ഥിതി സൗഹൃദമായ സിസ്‌പോസിബിൾ ഗ്ലാസുകളും പാത്രങ്ങളും മാത്രമേ ഉപയോഗിക്കാവു. ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് എസ്.പി. പറഞ്ഞു. ഇതു നിരീക്ഷിക്കുന്നതിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കും.