തോപ്പുംപടി: കൊച്ചിൻ കോർപ്പറേഷൻ ഒന്നു മുതൽ ഇരുപത്തെട്ട് വരെയുള്ള ഡിവിഷനുകൾ അടച്ചു കെട്ടിയിരിക്കുന്നതിനാൽ അത്യാസന്ന നിലയിൽ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന രോഗികളെ എത്തിക്കാൻ കഴിയുന്നില്ലെന്ന് ആരോപണം. ശനിയാഴ്ച രാത്രി 10 മണിയോടെ നെഞ്ച് വേദനയെ തുടർന്ന് അമരാവതി സ്വദേശി സുഹറാബീവിയെ രണ്ട് കിലോ മീറ്റർ ദുരമുള്ള ആശുപത്രിയിൽ എത്തിക്കാൻ ഒരു മണിക്കൂർ വേണ്ടിവന്നു. ഇതിനെ തുടർന്ന് സ്ഥിതി വഷളായി. തൊട്ടു മുമ്പ് മട്ടാഞ്ചേരി ബസാറിൽ ചരക്കിറക്കുന്നതിനിടയിൽ വീണ് തല പൊട്ടിയ സലിം എന്ന 56 കാരനെ എറണാകുളത്തെ ആശുപത്രിയിൽ എത്തിക്കാനും നേരം വൈകിയതിനെ തുടർന്ന് രക്ത സ്രാവം ഉണ്ടായി. ചെറളായി കടവ് പാലത്തിലൂടെ നടത്തികൊണ്ടു വന്ന രോഗിയെ കടത്തിവിടാൻ പൊലീസ് തയ്യാറായില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.പല റോഡുകളും മുളവടി കൊണ്ട് കെട്ടി പൂട്ടി വെച്ചിരിക്കുന്നതിനാലാണ് വാഹനവുമായി പോകാൻ കഴിയാത്തത്.