ss

കൊച്ചി: തന്റെ പാട്ടുകൾക്ക് തേൻ മധുരം പോലെ സംഗീതം പകർന്ന സംഗീത സംവിധായകരുമായുള്ള ഓർമ്മകൾ പുസ്തകമാക്കാൻ ഒരുങ്ങുകയാണ് കവിയും ഗാന രചയിതാവുമായ പൂച്ചാക്കൽ ഷാഹുൽ. എം.എസ്.ബാബുരാജ്, എം.കെ.അർജ്ജുനൻ, വി.ദക്ഷിണാമൂർത്തി, കുമരകം രാജപ്പൻ, ജയ വിജയ, എം.ജി. രാധാകൃഷ്ണൻ ഇങ്ങനെ പാട്ടുകളെ സംഗീതം കൊണ്ട് ഉദാത്തമാക്കിയ പ്രതിഭകളെയാണ് പാട്ടെഴുത്തുകാരൻ ഓർത്തെടുത്ത് സംഗീതവഴിയിലെ മഞ്ചലേറ്റിയ ഗീതങ്ങൾ എന്നപേരിൽ അക്ഷരത്താളുകളിലാക്കുന്നത്.

പൂച്ചാക്കലിന്റെ ഉസ്താദ്

അര നൂറ്റാണ്ട് മുന്നേ നിത്യവും ഡയറി എഴുതുന്ന ശീലമുണ്ട് പൂച്ചാക്കൽ ഷാഹുലിന്. ലോക് ഡൗണിൽ അലമാരയിൽ നിന്നും പഴയ ഡയറികളൊക്കെ പൊടി തട്ടി എടുത്ത് നോക്കിയപ്പോഴാണ് ആത്മ മിത്രങ്ങളുമൊത്തുള്ള നിമിഷങ്ങൾ അക്ഷര ചിത്രങ്ങളായി മുന്നിലെത്തിയത്. ഉസ്താദ് എന്നാണ് ഗുരുതുല്യനായ എം.കെ അർജ്ജുനൻ മാസ്റ്ററെ പൂച്ചാക്കൽ വിളിച്ചിരുന്നത്. മാസത്തിലൊരിക്കൽ പള്ളുരുത്തിയിലെ പാർവതി മന്ദിരത്തിലും പൂച്ചാക്കലെ ഷാലിമാറിലും പാട്ടും സംഗീതവുമായി ഇരുവരും ഒന്നിച്ചിരുന്നു. കെ.എൽ.ആന്റണി , ആലപ്പി ഋഷികേശ്, കൊച്ചിൻ വർഗീസ്, മാത്യു അഗസ്റ്റിൻ തുടങ്ങിയ സുഹൃദ് വലയം പിന്നണിയിലുണ്ടാകും. സുന്ദരൻ കല്ലായി ഒരുക്കിയ വൈക്കം മളവികയുടെ സിന്ധുഗംഗ എന്ന നാടകത്തിൽ എം.കെ. അർജുനന്റെ സംഗീതത്തിൽ ആറ്ഗാനങ്ങൾ എഴുതിയാണ് തുടക്കം. ആയിരത്തോളം നാടക ഗാനങ്ങൾ എഴുതിയിട്ടുള്ള ഷാഹുലിനെത്തേടി 2011ലെ സംഗീത നാടക അക്കാഡമി അവാർഡും എത്തി. അർജുനൻ മാസ്റ്റർക്കുള്ള പാട്ടിന്റെ ശ്രദ്ധാഞ്ജലിയായി തിരഞ്ഞെടുത്ത 10 ഗാനങ്ങൾ അർജ്ജുനപ്പത്ത് എന്ന പേരിൽ യൂടൂബ് റിലിസിനൊരുങ്ങുകയാണിപ്പോൾ. വിവേകാനന്ദനാണ് സംഗീതവും ആലാപനവും

കാർമൽ പിക്ചേഴ്സ് 1972ൽ നിർമിച്ച ‘ അഴിമുഖം ’ സിനിമയിലൂടെയാണ് കോഴിക്കോടിന്റെ ബാബൂക്ക എന്ന എം.എസ്.ബാബുരാജുമായി പാട്ടൊരുക്കം ആരംഭിക്കുന്നത്. മദ്രാസിലെ വാസു സ്റ്റുഡിയോയിലെ റിക്കോർഡിംഗിന് പറഞ്ഞുറപ്പിച്ച പാട്ട് പാടാൻ യേശുദാസിന് എത്താനായില്ല. ഈണമിട്ട പാട്ട് അങ്ങനെ ബാബൂക്ക തന്നെ പാടി. ‘‘ അഴിമുഖം കണികാണും പെരുമീനോ എന്റെ കരളിൽ ചാടി വീണ കരിമീനോ ..’’ നാട്ടിൻപുറങ്ങളിൽ‌ ഗ്രാമഫോണിലൂടെ ഒഴുകിയ ഹിറ്റുപാട്ടിന്റെ പിറവി അങ്ങനെയാണ്. പിന്നീട് നിരവധി നാടകങ്ങൾക്കും ഇരുവരും ഒന്നിച്ചു. കലാനിലയം നാടക വേദിയിലാണ് സ്വാമി എന്ന് സംഗീത ലോകം വിളിക്കുന്ന വി.ദക്ഷിണാ മൂർത്തിയുമൊത്തുള്ള സ്വരയാത്ര നടത്തിയത്. ഓടമ്പള്ളി സ്കൂളിൽ നിന്ന് പ്രഥമ അദ്ധ്യാപികയായി വിരമിച്ച അമ്പിടീച്ചറാണ് ഭാര്യ. റസൽ ഷാഹുൽ, റാഫി ഷാഹുൽ എന്നിവർ മക്കളാണ്