cancer

കൊച്ചി: ഈവർഷം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച കൊച്ചി കാൻസർ സെന്ററിന്റെ കെട്ടിട നിർമ്മാണം പാതിവഴിയിൽതന്നെ. ഇതിനൊപ്പം ഉപകരണങ്ങൾ വാങ്ങുന്നതിനും ഡോക്‌ടർമാരെ ഉൾപ്പെടെ കൂടുതൽ നിയമനങ്ങൾ നടത്തുന്നതിനും നടപടി നീളുന്നു.

തറക്കല്ലിട്ട് ആറു വർഷം കഴിഞ്ഞെങ്കിലും കളമശേരിയിൽ എറണാകുളം മെഡിക്കൽ കോളേജിന് സമീപത്തെ കാൻസർ സെന്റർ കെട്ടിടത്തിന്റെ നിർമ്മാണം 30 ശതമാനം മാത്രമാണ് പൂർത്തിയായത്. സമ്മർദ്ദങ്ങൾ ശക്തമായതോടെ ഇപ്പോൾ വേഗത്തിലാണ് നിർമ്മാണം.

കൊവിഡ് മൂലം നാട്ടിലേക്ക് മടങ്ങിയ അന്യസംസ്ഥാന തൊഴിലാളികളെ തിരികെ കൊണ്ടുവരുന്നുണ്ട്. പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ നിന്ന് രണ്ടു ബസുകളിൽ കഴിഞ്ഞ ദിവസം തൊഴിലാളികൾ കേരളത്തിലേക്ക് പുറപ്പെട്ടു. ക്വാറന്റൈൻ കാലാവധി കഴിഞ്ഞ് ഇവർ കൂടി ജോലിയിൽ പ്രവേശിക്കുന്നതോടെ നിർമ്മാണത്തിന് കൂടുതൽ വേഗത ലഭിക്കും. 184 തൊഴിലാളികളാണ് നിലവിൽ ജോലി ചെയ്യുന്നത്.

സിവിൽ ജോലികളുടെ അവസാനഘട്ടത്തിൽ വയറിംഗും ഇലക്ട്രിക്കൽ ജോലികളും ആരംഭിക്കണം. ഇതിന് കരാർ നൽകിയിട്ടില്ല. ഫയൽ തയ്യാറാക്കി നൽകിയെങ്കിലും ആരോഗ്യ വകുപ്പിൽ കുടുങ്ങി. ഉന്നതതല ഇടപെടൽ നടന്നാലേ ഫയൽ അംഗീകാരം നേടി ടെൻഡർ വിളിക്കാൻ കഴിയൂവെന്ന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് ഭാരവാഹികൾ പറഞ്ഞു. ഇക്കാര്യം ഉന്നയിച്ച്മുഖ്യമന്ത്രിക്കും ജില്ലയിലെ എം.എൽ.എമാർക്കും സന്ദേശം അയച്ചതായി മൂവ്മെന്റ് പ്രവർത്തകൻ ഡോ. എൻ.കെ. സനിൽകുമാർ പറഞ്ഞു.

ലിനാക്

കാൻസർ ചികിത്സയിൽ റേഡിയഷൻ പ്രധാനമാണ്. ലിനാക് എന്ന ലീനിയർ ആക്സിലേറ്റർ മെഷീനാണ് ഇതിന് ഫലപ്രദം. കോടികൾ വില മതിക്കുന്ന മെഷീൻ ഇറക്കുമതി ചെയ്യണം. ഓർഡൽ നൽകിയാൽ ആറു മുതൽ എട്ടു വരെ മാസം വേണം. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ് ഓർഡർ നൽകേണ്ടത്. ഇതിനുള്ള നടപടികളും ആരംഭിച്ചിട്ടില്ല.

നിയമനങ്ങൾ

ഗവേഷണം, പരിശീലനം എന്നിവയും കാൻസർ സെന്ററിന്റെ ലക്ഷ്യമാണ്. വിദഗ്ദ്ധരും പരിചയസമ്പന്നരുമായ ഡോക്ടർമാർ അനിവാര്യമാണ്. കൺസൾട്ടന്റുമാരെ നിയമിക്കണം. സെലക്ഷൻ കമ്മിറ്റി രൂപീകരിക്കണം. ഗവേഷണ പശ്ചാത്തലമുള്ള ഡോക്ടർമാരെ തിരഞ്ഞെടുക്കാൻ നടപടികൾ ആരംഭിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.