കോലഞ്ചേരി: കസവു മുണ്ടില്ലാതെ എന്തോണം. ന്യൂ ജെനറേഷൻ ട്രെൻഡായി മാറിയ കസവു മുണ്ടുകൾക്ക് കൊവിഡ് കാലത്തും പിടി വലിയാണ്. കാമ്പസുകൾക്കിപ്പോൾ ഓൺലൈൻ പഠന കാലമാണ്. ഇതോടൊപ്പം ഓണത്തേയും ഓൺലൈനാക്കുകയാണ് പുതു തലമുറ. സിൽവർ, ഗോൾഡൻ കര മുണ്ടുകൾ വാങ്ങിയാൽ ഏതു കളർ ഷർട്ടിനും ചേരുമെന്നതിനാൽ ചെലവേറെയും ഇവയ്ക്കാണെന്ന് കടയുടമകൾ പറയുന്നു. മുണ്ടുടുക്കുന്നതിൽ അഭിമാനമുണ്ട്. ഗൃഹാതുരതയുടെ ഉത്സവ കാലമല്ലേ, മാസ്കിട്ട്, ഗ്യാപ്പിട്ട് ഓണത്തെ പൊളിയാക്കുമെന്ന് ന്യൂ ജെൻ മൊഴി. സാരിയുടുക്കാനറിയാത്തവർക്ക് ബ്യൂട്ടി പാർലറുണ്ട്, എന്നാൽ മുണ്ടുടുക്കാൻ സുഹൃത്തുക്കളും ബന്ധുക്കളും മാത്രം തുണ. എങ്കിലും വീട്ടിലെ ഓണം തകർക്കാനുള്ള തയ്യാറെടുപ്പിലാണവർ.

ഓൺലൈൻ മത്സരം

ഓണാഘോഷങ്ങൾക്ക് മുഴുവൻ കാമ്പസുകളും തുടക്കം കുറിച്ചു. മലയാളി മങ്കയും, 'മങ്കനു'മായുള്ള സെൽഫിയാണ് പ്രധാന മത്സരം. ഒപ്പം വീട്ടിലെ പൂക്കളം, പ്രച്ഛന്നവേഷം, ഓണപ്പാട്ട് തുടങ്ങി ഓണം പടിവാതിൽക്കൽ എത്തി നിൽക്കെ കാമ്പസുകളിൽ കൊവിഡോണം തകർക്കാനുള്ള തയ്യാറെടുപ്പിലാെണ് ഓരോരുത്തരും.

സമ്മാനം നെറ്റ് റീചാർജിംഗ്

ഓരോ ക്ളാസ് ഗ്രൂപ്പികളിൽ വിവിധ മത്സര ചിത്രങ്ങൾ അയച്ചു നൽകിയാൽ മതി.സമ്മാനത്തിനുമുണ്ട് വെറൈറ്റി. വിവിധ കാലയളവിലേയ്ക്കുള്ള നെറ്റ് ചാർജിംഗാണ് ഒന്നും, രണ്ടും, മൂന്നും, പ്രോത്സാഹന സമ്മാനവും. ഇതോടെ പ്രാദേശിക തുണിക്കടകളിലടക്കം മുണ്ടു വാങ്ങാനുള്ള പുതു തലമുറയുടെ തിക്കും തിരക്കും തുടങ്ങി.

വെൽക്രോ മുണ്ടാണ് താരം
സ്ഥിരമായി മുണ്ടുടുക്കുന്ന കൂട്ടുകാർ തന്നെയാണ് ഉടുക്കാനറിയാത്തവരുടെ ഗുരു. ഇനി ഉടുത്താൽ അഴിഞ്ഞു പോകുമെന്ന സംശയമുണ്ടോ അവർക്കായി വെൽക്രോ മുണ്ടുകളും വിപണിയിലുണ്ട്. ഒരു വശം ഒട്ടിച്ചു പിടിപ്പിക്കുന്ന മുണ്ടുകൾ അഴിഞ്ഞു പോകുമെന്ന പേടി വേണ്ട. മൊബൈലും, പഴ്‌സും സൂക്ഷിക്കാൻ പോക്ക​റ്റുള്ള മുണ്ടുകൾ വരെ വിപണിയിലെത്തി.മലയാളിയുടെ ഫാഷൻ സങ്കല്പങ്ങൾ കടൽ കടന്നപ്പോൾ മലയാളത്തനിമയായ് നിലനിന്ന മുണ്ടിന് ഈ കാലത്തും വൻ വരവേല്പ് ലഭിക്കുന്നത് പഴമയുടെ ഒരോർമ്മ പുതുക്കലാണ്.