കൊച്ചി: എറണാകുളം നോർത്തിൽ ഇക്കുറി ഓണക്കാലത്തിന്റെ പുഷ്പവസന്തമില്ല. അങ്ങുമിങ്ങുമായി ഏതാനും കച്ചവടക്കാർ മാത്രം. കൊവിഡ് കേരളത്തിന്റെ ആഘോഷം തന്നെ നഷ്ടമാക്കിയതിന്റെ നേർച്ചിത്രമാണ് നോർത്തിലെ പൂക്കച്ചവടം.
കഴിഞ്ഞ വർഷം വരെ നിരവധി പൂക്കച്ചവടക്കാരുണ്ടായിരുന്നിടത്ത് കൊവിഡ് പശ്ചാത്തലത്തിൽ മൂന്നു പേർ. അത്തം മുതൽ 100 -150 കിലോ വരെ എത്തിയിരുന്നിടത്ത് 10 കിലോ പൂക്കൾ മാത്രമാണ് ഇക്കുറി. അതും ബംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നെത്തുന്ന പച്ചക്കറി ലോറികളിൽ. അന്യസംസ്ഥാനത്ത് നിന്നുള്ള പൂക്കൾ നാട്ടിലേക്ക് എത്തിക്കുന്നതിൽ നിയന്ത്രണമുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ എത്തുന്നതിലും നിയന്ത്രണമുള്ളതിനാൽ ഇവിടെ താമസിക്കുന്നവരാണ് വില്പനക്കാർ. കഴിഞ്ഞ വർഷം കോയമ്പത്തൂരിൽ നിന്നുള്ള കുടുംബമാണ് പ്രധാനമായും പൂക്കച്ചവടത്തിന് നോർത്തിൽ എത്തിയത്. ജില്ലയുടെ പല ഭാഗങ്ങളിലേക്കും പൂക്കൾ എത്തിച്ചു നൽകുന്നതും നോർത്തിൽ നിന്നാണ്. ഓണക്കാലത്ത് കോയമ്പത്തൂർ, സേലം എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് എത്തുന്ന ട്രെയിനിൽ നിറയെ പൂക്കളുമായാണ് സംഘം എത്തിയിരുന്നത്.
കച്ചവടം തീരെയില്ല
കഴിഞ്ഞ വർഷം അത്തം തുടങ്ങുമ്പോൾ മുതൽ പൂക്കൾ വാങ്ങാനുള്ളവരുടെ തിരക്കായിരുന്നു. ഇക്കുറി വളരെ കുറച്ചാളുകൾ മാത്രമാണ് പൂക്കൾ വാങ്ങാനെത്തിയത്. ഓണക്കാലത്ത് മുല്ലപ്പൂ വിപണനത്തിലും കുറവ് വന്നിട്ടുണ്ട്. പലതും വാടി തുടങ്ങിയിരിക്കുന്നു. 500 രൂപയുടെ പൂവാണ് കഴിഞ്ഞ ദിവസം വിറ്റഴിച്ചതെന്ന് പൂക്കച്ചവടക്കാരിയായ അൻപരശ് പറഞ്ഞു. തിരുവോണത്തിന് ചിലർ ബുക്ക് ചെയ്തിട്ടുണ്ടെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവാണ്. സ്‌കൂൾ, കോളേജ്, ഓഫീസ് ഓണാഘോഷങ്ങൾക്കാണ് പ്രധാനമായും പൂക്കൾ വിറ്റഴിഞ്ഞിരുന്നത്. ഇക്കുറി ആഘോഷങ്ങൾക്ക് നിയന്ത്രണം വന്നതും പൂക്കച്ചവട വ്യാപാരത്തെ ബാധിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ കച്ചവടമുണ്ടാവുമെന്ന പ്രതീക്ഷയിലാണവർ.
പൂക്കൾക്ക് വില കൂടുതൽ
ആവശ്യക്കാരില്ലെങ്കിലും എത്തിക്കുന്ന പൂക്കൾക്ക് വില കൂടുതലാണ്. വ്യത്യസ്ഥമായ പൂക്കളും ഇക്കുറി എത്തിയിട്ടില്ല. രണ്ടു തരം ജമന്തി, അരളി, വാടാർമല്ലി എന്നിവയാണ് പ്രധാനമായും വില്പനയ്ക്ക് എത്തിച്ചിട്ടുള്ളത്. പച്ചക്കറികളോടൊപ്പം എത്തുന്നതും കൃഷിയിലുണ്ടായകുറവുമാണ് വിലവർദ്ധനവിന് കാരണമായി വ്യാപാരികൾ പറയുന്നത്. ജമന്തി കിലോയ്ക്ക് 130 രൂപയും അരളിയ്ക്ക് 250 രൂപയും വാടാർമല്ലിയ്ക്ക് 180 രൂപയുമാണ് വില. മുല്ലപ്പൂവിന് വില മുഴത്തിന് 30 രൂപയാണ് വിപണിയിൽ വില.