കോലഞ്ചേരി: സംസ്ഥാനത്തെ വളംവിപണിയിൽ എല്ലുപൊടിക്ക് വിലക്കയറ്റം. ജൈവവളത്തിന്റെ ഉൽപാദനത്തിനുള്ള പ്രധാന അസംസ്‌കൃത വസ്തുവായ വേപ്പിൻ കുരുവിനും വിലക്കയറ്റമുണ്ടായതോടെ പച്ചക്കറിയടക്കമുള്ള കൃഷികൾക്ക് ചിലവേറും.സംസ്ഥാനത്തേക്ക് എല്ലുപൊടി എത്തിച്ചിരുന്ന ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഫാക്ടറികൾ ഉൽപാദനം കുറച്ചതോടെയാണ് വില ഉയർന്നത്. ഗുണനിലവാരമുള്ള എല്ലുപൊടി വില ടണ്ണിന് 20,000 രൂപയിൽനിന്ന് 25,000 രൂപയിലെത്തി.
സംസ്ഥാനത്തെത്തിക്കുന്ന വളത്തിന്റെ മൊത്തവില ഉയർന്നതോടെ ചില്ലറ വില്പനയിൽ കിലോഗ്രാമിന് 15 മുതൽ 20 രൂപവരെ കൂടിയതായി വ്യാപാരികൾ പറയുന്നു.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ജോലിക്കാരായ അന്യ സംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്കും വളം ഉൽപാദന ശാലകളുടെ പ്രവർത്തനത്തിന് തടസമായി. ഇതിനുപുറമേ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും ഉൽപാദനം കുറച്ചതായി വ്യാപാരികൾ പറയുന്നു.
എല്ലാ വിഭാഗ ജൈവ വളങ്ങൾക്കും വില ഉയർന്നു
മട്ടുപ്പാവ്, അടുക്കളത്തോട്ടം എന്നിവിടങ്ങളിൽ നടത്തുന്ന പച്ചക്കറിയടക്കമുള്ള കൃഷികൾക്ക് ഉപയോഗിച്ചുവരുന്ന എല്ലുപൊടിക്ക് പുറമെ വേപ്പിൻകുരു അടങ്ങിയ എല്ലാ വിഭാഗത്തിൽപ്പെട്ട ജൈവ വളങ്ങൾക്കും വില വർദ്ധിച്ചിട്ടുണ്ട്. വേപ്പിൻ കുരു, വേപ്പിൻ പിണ്ണാക്ക് എന്നിവയുടെ ലഭ്യതയിലും കുറവുണ്ടായിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഇതോടെ സംസ്ഥാനത്തെ ഭൂരിഭാഗം കമ്പനികളും ഉൽപാദനം പകുതിയായി കുറച്ചു.
വേപ്പിൻകുരുവിനും വില കയറ്റം
കഴിഞ്ഞ മൂന്നു മാസത്തിനിടെ കിലോഗ്രാമിന് 20 മുതൽ 30രൂപ വരെയാണ് വേപ്പിൻകുരു മുഖ്യ അസംസ്‌കൃത വസ്തുവായ വളങ്ങൾക്ക് വില ഉയർന്നത്.കൊവിഡ് കാലത്ത് നഗര ഗ്രാമീണ വ്യത്യാസമില്ലാതെ പച്ചക്കറിയടക്കമുള്ള ചെറുകിട കൃഷിയിടങ്ങളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായതായി കൃഷിവകുപ്പ് അധികൃതർ പറയുന്നു. ഇവയ്ക്കാവശ്യമായ ഗുണനിലവാരമുള്ള വളത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിനും വിലനിയന്ത്റണത്തിനും കൃഷി വകുപ്പിൽ നിന്ന് ഇടപെടലുണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.