കൊച്ചി: കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിലെ തലവരിപ്പണവുമായി ബന്ധപ്പെട്ട കേസിൽ ബിഷപ്പ് ധർമ്മരാജ് റസാലം ഉൾപ്പെടെയുള്ള പ്രധാന പ്രതികളെ അറസ്റ്റുചെയ്യാൻ അന്വേഷണസംഘത്തിന് ഭയമാണോയെന്ന് ഹൈക്കോടതി ചോദിച്ചു. നാലാംപ്രതിയും കോളേജിലെ ജീവനക്കാരിയുമായ ഷിജിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ അന്വേഷണസംഘം നൽകിയ അന്വേഷണ പുരോഗതി റിപ്പോർട്ട് പരിഗണിച്ച സിംഗിൾബെഞ്ചാണ് വാക്കാൽ വിമർശനമുന്നയിച്ചത്. നേരത്തെ ജാമ്യഹർജിയിൽ കോളേജ് ചെയർമാൻ, ഡയറക്ടർ എന്നിവരടക്കമുള്ള മുഖ്യപ്രതികൾക്കെതിരെ അന്വേഷണം നടത്താതെ അപ്രധാന പ്രതികൾക്കു പിന്നാലെ അന്വേഷണസംഘം പോകുന്നതിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇക്കാര്യം വിശദീകരിക്കാനും നിർദ്ദേശിച്ചു. ഇന്നലെ വീണ്ടും ഹർജി വന്നപ്പോഴാണ് പ്രധാന പ്രതികളെ അറസ്റ്റുചെയ്യാൻ ഭയമുണ്ടോയെന്ന് കോടതി ചോദിച്ചത്. എന്നാൽ ഇവരെ ചോദ്യംചെയ്‌തു വിട്ടയച്ചെന്നും അറസ്റ്റുചെയ്യേണ്ട സാഹചര്യമില്ലെന്നും സർക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വാദിച്ചു. എങ്കിൽ നാലാംപ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയെ സർക്കാർ എതിർത്തത് എന്തിനാണെന്ന് കോടതി ചോദിച്ചു. പ്രധാനപ്രതികളുടെ കാര്യത്തിലില്ലാത്ത അടിയന്തര സാഹചര്യം മറ്റു പ്രതികളുടെ കാര്യത്തിൽ എന്താണെന്നും ആരാഞ്ഞു. ഇക്കാര്യത്തിൽ വിശദീകരണം തേടിയ ഹൈക്കോടതി ഹർജി ഇന്ന് പരിഗണിക്കാൻ മാറ്റി.