പള്ളുരുത്തി: ബോണസ് വിഷയവുമായി ബന്ധപ്പട്ട് ലേബർ ഓഫീസർ വിളിച്ചുചേർത്ത ചർച്ച അലസിയതിനെത്തുടർന്ന് കൊച്ചി തുറമുഖത്തെ കണ്ടെയ്‌നർ തൊഴിലാളികൾ സമരത്തിലേക്ക്‌. കഴിഞ്ഞവർഷം നൽകിയ ബോണസ് ഈ വർഷവും നൽകണമെന്ന സർക്കാർ നിർദേശം ട്രക്കുടമ ഭാരവാഹികൾ സമ്മതിക്കാത്തതാണ് ചർച്ച അലസാൻ കാരണം. വിഷയത്തിൽ ലേബർ കമ്മീഷ്‌ണർ, ജില്ലാ കളക്ടർ തുടങ്ങിയവർ അടിയന്തിരമായി ഇടപെടണമെന്നും 26നകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാലസമരം നടത്തുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ എം. ജമാൽകുഞ്ഞ്, ചാൾസ് ജോർജ്‌, കെ.വി. മനോജ്, വി.എച്ച്. ഷിഹാബുദ്ദീൻ, ജോയ് ജോസഫ്, ജെ.എച്ച്. പ്രസാദ്, വി.യു. ഹംസക്കോയ തുടങ്ങിയവർ പങ്കെടുത്തു.