കൊച്ചി: ജലമെട്രോയ്ക്ക് വേണ്ടി വൈദ്യുത ബോട്ടുകൾ നിർമ്മിക്കുന്നതിന് കൊച്ചി കപ്പൽശാലയിൽ തുടക്കമായി. നിർമ്മാണത്തിന്റെ ആദ്യഘട്ടമായ പ്ളേറ്റ് കട്ടിംഗ് ഇന്നലെ നടത്തി. നൂറു പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന പ്രത്യേക ബോട്ടുകളാണ് ജലമെട്രോ നിർമ്മിക്കുന്നത്. ബോട്ടിന്റെ ഹൾ നിർമ്മാണ ജോലിയാണ് കപ്പൽശാല ചെയർമാൻ മധു എസ്. നായർ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ അൽക്കേഷ് കുമാർ ശർമ്മ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ആരംഭിച്ചത്.
വൈദ്യുത ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബോട്ടുകളാണ് ജലമെട്രോയ്ക്ക് വേണ്ടി നിർമ്മിക്കുന്നത്. എയർ കണ്ടീഷൻ സൗകര്യങ്ങളോടെയാണ് ബോട്ട് നിർമ്മിക്കുക. അത്യാധുനികവും മികച്ചതുമായ ബോട്ടുകൾ നിർമ്മിച്ച് കൈമാറുമെന്ന് കപ്പൽശാല ചെയർമാൻ മധു എസ്. നായർ പറഞ്ഞു. ഡിസംബറിൽ ആദ്യബോട്ട് നീറ്റിലിറക്കുകയാണ് ലക്ഷ്യം.