ഏലൂർ: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിൽ ഉത്സവബത്തയും അഡ്വാൻസും നൽകാൻ തീരുമാനമായി. സ്ഥിരം തൊഴിലാളികൾക്ക് 3000 രൂപ ഓണം ഫെസ്റ്റിവൽ അലവൻസും 32000 രൂപ അഡ്വാൻസും നൽകും. കാഷ്വൽ ലേബേഴ്സിന് 2200 രൂപ അലവൻസും 23000 രൂപ അഡ്വാൻസും നൽകും. പുതുതായി നിയമനം ലഭിക്കുകയും എന്നാൽ സ്ഥിരപ്പെട്ടിട്ടില്ലാത്തവർക്കും താത്കാലിക ജീവനക്കാർക്കും അഡ്വാൻസ് മാത്രമാണ് ലഭിക്കുക. പലിശരഹിത അഡ്വാൻസ് പത്തു തവണകളായി തിരിച്ചടയ്ക്കണം.

അനവധി വർഷങ്ങളായി യൂണിയനുകൾ ആവശ്യപ്പെട്ടു വരുന്നതാണ് ഫെസ്റ്റിവൽ അലവൻസ്, സാമ്പത്തിക പ്രതിസന്ധി മൂലം നൽകിയിരുന്നില്ല. ഈ വർഷം ഉത്പാദനത്തിലും വിപണനത്തിലും വൻനേട്ടം കൈവരിക്കുകയും 976 കോടി രൂപ ലാഭമുണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഉത്സവബത്ത അനുവദിച്ചത്. സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഇതേ ആവശ്യമുന്നയിച്ച് സമരം തുടരുകയായിരുന്നു.

ഫാക്ട് സി.എം.ഡി കിഷോർ രൂംഗ്തയുടെ അദ്ധ്യക്ഷതയിൽ നടന്ന ചർച്ചയിൽ മാനേജുമെന്റിനെ പ്രതിനിധീകരിച്ച് കേശവൻ നമ്പൂതിരി , ബാലകൃഷ്ണൻ കെ.വി, മോഹൻകുമാർ എന്നിവരും വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ കെ. ചന്ദ്രൻ പിള്ള, ശിവശങ്കരൻ, പി.എസ്. സെൻ , സഹീർ , ജോർജ് തോമസ് എന്നിവർ പങ്കെടുത്തു.