കൊച്ചി: പ്രാദേശിക ചില്ലറ വില്പന വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയത്തിന് ഇളവ് അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. കൊവിഡ് മൂലം ദുരിതക്കയത്തിലായവരാണ് പ്രാദേശികമായി ചെറുകിട,ഇടത്തരം കച്ചവടം ചെയ്ത് ജീവിക്കുന്നവർ. രാത്രി 9 മണി വരെ തുറന്നു പ്രവർത്തിച്ചിരുന്ന കടകൾ രാത്രി ഏഴുമണിക്ക് അടക്കണമെന്നു പറയുന്നത് കച്ചവടക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. മൊത്തവ്യാപാര സ്ഥാപനങ്ങൾക്ക് രാത്രി ഏഴുമണിവരെപോലും പ്രവർത്തിക്കേണ്ട ആവശ്യമില്ല. മൊത്തവ്യാപാരം ഉച്ചയോടെ അവസാനിക്കും. പ്രാദേശികമായ കച്ചവട സ്ഥാപനങ്ങളിൽ കച്ചവടം നടക്കുന്നത് വൈകിട്ടാണ്. അതിനാൽ പ്രാദേശികമായ ചെറുകിട, ഇടത്തരം കച്ചവടം ചെയ്ത് ജീവിക്കുന്നവരുടെ പ്രശ്‌നങ്ങൾകൂടി പഠിക്കുകയും അവരുടെ പ്രതിനിധികളെക്കൂടി ആലോചനാ യോഗങ്ങളിൽ പങ്കെടുപ്പിക്കണമെന്നും ജനറൽ സെക്രട്ടറി ടി.കെ. മൂസ പറഞ്ഞു.