കൊച്ചി: മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിലായിരുന്നപ്പോൾ ഉപയോഗിച്ച കണ്ണട തിരിച്ച് ഇന്ത്യയിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻവേദി സംസ്ഥാന കമ്മിറ്റി പ്രധാനമന്ത്രി, കേന്ദ്ര വിദേശകാര്യ, സാംസ്‌കാരികവകുപ്പ് മന്ത്രിമാർ , കേരള ഗവർണർ എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ലണ്ടനിലെ സൗത്ത് വെസ്റ്റ് ഹൻഹാമിലുള്ള ഈസ്റ്റ് ബ്രിസ്റ്റോൾ ഓക്ഷൻ ഹൗസിൽ നടന്ന ലേലത്തിൽ കണ്ണട ഓൺലൈൻ ലേലത്തിൽ 2.5 കോടി രൂപയ്ക്ക് (ഇന്ത്യൻ രൂപ) യു. എസ്, പൗരൻ സ്വന്തമാക്കിയിരുന്നു. നൂറു വർഷത്തിലധികം പഴക്കമുള്ള സ്വർണ നിറത്തിലുള്ള ആ കണ്ണട അതിന്റെ മൂല്യം തിരിച്ചറിഞ്ഞ് ഇന്ത്യയിലെത്തിച്ച് ഗവൺമെന്റ് ഉടമസ്ഥതയിലുള്ള മ്യൂസിയത്തിൽ പൊതുജനങ്ങൾക്ക് കാണാൻ കഴിയുന്ന വിധത്തിൽ പ്രദർശിപ്പിക്കണമെന്ന് സംസ്ഥാന ചെയർമാൻ ഡോ.എം.സി. ദിലീപ്കുമാർ, ജനറൽ സെക്രട്ടറി ഡോ.നെടുമ്പന അനിൽ എന്നിവർ നൽകിയ നിവേദത്തിൽ പറയുന്നു.