കൊച്ചി : സർക്കാരിന്റെ നിരന്തരമായ വാഗ്ദാന ലംഘനത്തിൽ പ്രതിഷേധിച്ച് തിരുവോണനാളിൽ പട്ടിണിസമരം നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. വാഗ്ദാനങ്ങൾ മാത്രം നൽകുന്ന സംവിധാനമായി സർക്കാർ മാറിയിരിക്കുകയാണെന്ന് ജില്ലാ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. പ്രളയ ദുരിതാശ്വാസമായി 5000 രൂപയും കൊവിഡ് സമാശ്വാസമായി 1000 രൂപ വീതവും നൽകുമെന്ന വാഗ്ദാനം പൂർണമായും നടപ്പായില്ല. ക്ഷേമനിധി അംഗങ്ങളായ വ്യാപാരികളുടെ ആനുകൂല്യങ്ങളും 2014 മുതലുള്ള മരണാനന്തര ആനുകൂല്യങ്ങളും നൽകിയിട്ടില്ല. മരണാനന്തര സഹായത്തിനായുള്ള പുതിയ അപേക്ഷകളും പെൻഷനുള്ള അപേക്ഷകളും പരിഗണിക്കുന്നില്ല. തിരുവോണനാളിലെ പട്ടിണിസമരം സൂചനമാത്രമാണെന്നും വാഗ്ദാനങ്ങൾ സർക്കാർ പാലിച്ചില്ലെങ്കിൽ ശക്തമായ സമരത്തിന് നിർബന്ധിതരാകുമെന്നും യോഗം മുന്നറിയിപ്പുനൽകി. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, ട്രഷറർ സി.എസ്. അജ്മൽ, വർക്കിംഗ് പ്രസിഡന്റ് ടി.ബി. നാസർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.