sadhya

തോപ്പുംപടി: പോക്കറ്റ് നിറയെ കാശുണ്ടോ ? എങ്കിൽ ഇക്കുറി വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കാം. എല്ലെങ്കിൽ ഓണസദ്യ പേരിലൊതുക്കാം. പച്ചക്കറി വിലയടക്കം ഒറ്റയടിക്ക് കുതിച്ച് ഉയർന്നതാണ് സാധാരണക്കാരുടെ ഓണാഘോഷം തുലാസിലാക്കിയത്. ഇന്നലെ മാർക്കറ്റിൽ തക്കാളി കിലോക്ക് 50 രൂപയായി ഉയർന്നു. അച്ചിങ്ങയും അമ്പതിൽ എത്തി. അച്ചാർ ഇടുന്ന വടുക പുളി നാരങ്ങക്ക് 70 രൂപയായി. കാരറ്റ് 70ലേക്കും സവാള 30 നിന്ന് 60രൂപയിലേക്കും ഉയർന്നു. ഇഞ്ചിക്കറി ഇനി സ്വപ്നം മാത്രമാകും. ഇന്നലത്തെ ഇഞ്ചിയുടെ മാർക്കറ്റ് വില 110 രൂപയായി. വെളുത്തുള്ളി 150ൽ എത്തി.സദ്യക്ക് പ്രധാന ഇനമായ ചെറുപഴം 50രൂപയും ഞാലിപ്പൂവൻ 60 രൂപയുമായി ഉയർന്നു. പച്ചക്കറി ഇനത്തിന്റെ വില ഇനിയും കുതിച്ചുയരുമെന്നാണ് പള്ളുരുത്തിയിലെ വ്യാപാരി സുജിത്ത് പറയുന്നത്. കൊവിഡ് വ്യാപന ഭീതിയെ തുടർന്ന് അടച്ച പശ്ചിമകൊച്ചി നിവാസികൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. പലരും ആട്, കോഴി, പശു എന്നിവയെ ഇതിനകം വിറ്റു കഴിഞ്ഞു.അടച്ചു പൂട്ടിയ സ്ഥലങ്ങളായ മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, ചെല്ലാനം, പള്ളുരുത്തി തുടങ്ങിയ സ്ഥലങ്ങളിലും കൊച്ചിയുടെ മറ്റു പ്രദേശങ്ങളിലും സർക്കാർ റേഷൻ കടകൾ വഴി നൽകുന്ന ഓണക്കിറ്റാണ് ഏക ആശ്രയം.