ആലുവ: 46 ദിവസത്തെ ഇടവേളക്ക് ശേഷം ആലുവ പച്ചക്കറി മത്സ്യ മാർക്കറ്റിൽ ഉപാധികളോടെ ചില്ലറ വില്പന ഇന്നലെ ആരംഭിച്ചു. കഴിഞ്ഞ വ്യാഴാഴ്ച്ച മുതൽ മൊത്ത വ്യാപാരം ആരംഭിച്ചിരുന്നു. സ്ഥിതി വിശേഷം പരിഗണിച്ച ശേഷമാണ് ചില്ലറ വില്പനക്കും അധികൃതർ അനുമതി നൽകിയത്.

കൊവിഡ് മാനദണ്ഡം പാലിച്ച് പൊലീസും ആരോഗ്യ വകുപ്പും ഏർപ്പെടുത്തിയ പ്രത്യേക ക്രമീകരണങ്ങളോടെയാണ് മാർക്കറ്റ് തുറന്നിട്ടുള്ളത്.

സാമൂഹ്യ അകലവും പാലിക്കണം. മാനദണ്ഡങ്ങൾ ആരെങ്കിലും ലംഘിച്ചാൽ അവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും.ഓണക്കച്ചവട സാധ്യത മുൻകൂട്ടി കണ്ട് പൊലീസിന്റെ പ്രത്യേക സ്‌ക്വാഡ് മാർക്കറ്റിൽ ഉണ്ടാകുമെന്ന് സി.ഐ എൻ. സുരേഷ് കുമാർ 'കേരളകൗമുദി' യോട് പറഞ്ഞു.

സമയക്രമീകരണത്തോടെ പ്രവർത്തനം

ചില്ലറ വ്യാപാരം രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ മാത്രമാണ്. പച്ചക്കറി മൊത്ത വ്യാപാരം രാവിലെ രാവിലെ പത്ത് വരെയും പച്ചമത്സ്യം, ഉണക്കമത്സ്യ വ്യാപാരം രാവിലെ ആറ് മണി വരെയും മാത്രമാണ്. മാർക്കറ്റിന്റെ പ്രവേശന കവാടത്തിൽ പ്രത്യേക രജിസ്റ്റർ ബുക്കുകൾ സൂക്ഷിച്ചിട്ടുണ്ട്. മാർക്കറ്റിലേക്ക് പ്രവേശിക്കുന്നവരെല്ലാം രജിസ്റ്ററിൽ പേരും ഫോൺ നമ്പറും രേഖപ്പെടുത്തണം. മാസ്‌കും നിർബന്ധമാണ്.