കൊച്ചി: കൊവിഡ് കാലത്ത് ഓഹരി വിപണിയെ ഞെട്ടിച്ച് കല്യാൺ ജൂവലേഴ്സ് വമ്പൻ ഐ.പി.ഒയുമായി രംഗത്ത്. വിപണിയിൽ നിന്ന് 1,750 കോടി രൂപ സമാഹരിക്കാനാണ് നീക്കം. ഐ.പി.ഒയ്ക്ക് (പ്രാരംഭ ഓഹരി വില്പന) വേണ്ടിയുള്ള അപേക്ഷ സെബിക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്.
ഇന്ത്യൻ വിപണിയിൽ ഒരു ജൂവലറി കമ്പനി നടത്തുന്ന ഏറ്റവും വലിയ ഐ.പി.ഒ ആണിത്. കേരളത്തിലെ ഏറ്റവും വലിയ ഐ.പി.ഒ ആണെന്നും കരുതപ്പെടുന്നു.
അടുത്ത കാലത്തൊന്നും ഒരു ജുവലറി പബ്ളിക് ഇഷ്യൂ നടത്തിയിട്ടില്ല. 2012ൽ പി.സി. ജുവലേഴ്സ് ആണ് ഐ.പി.ഒയിലൂടെ 600 കോടി സമാഹരിച്ചത്.
പുറമേ നിന്നുള്ള സ്വകാര്യ നിക്ഷേപം ഒഴിവാക്കുക, പ്രവർത്തന മൂലധനം, ഷോറൂമുകളുടെ എണ്ണം വർദ്ധിപ്പിക്കുക തുടങ്ങിയ പദ്ധതികൾക്കാണ് ഓഹരി വില്പന. ബി.എസ്.ഇയിലും എൻ.എസ്.ഇയിലും ലിസ്റ്റ് ചെയ്യുന്ന ഓഹരിയുടെ മുഖവില പത്ത് രൂപയാണ്.
1,750 കോടിയിൽ ആയിരം കോടി രൂപ പുതിയ ഓഹരി വില്പനയും ബാക്കി കമ്പനിയിൽ നിക്ഷേപിച്ചിട്ടുള്ള വാർബർഗ് പിൻകസിന്റെ ഓഹരി വിറ്റൊഴിയലുമാണ്. കല്യാൺ ജൂവലേഴ്സിൽ നിലവിൽ 30 ശതമാനത്തോളം ഓഹരിപങ്കാളിത്തം വാർബർഗ് പിൻകസിനുണ്ടെന്നാണ് സൂചന.
കൊവിഡ് ലോകമെമ്പാടും ആഭരണ വിപണികളെ മരവിപ്പിച്ചപ്പോഴും കല്യാൺ ബിസിനസ് തിരിച്ചു പിടിക്കുന്ന സ്ഥിതിയിലാണ്. സ്വർണത്തിന് വിലയേറിയതും കമ്പനിയുടെ സ്റ്റോക്ക്മൂല്യത്തിന് വലിയ വർദ്ധനവുണ്ടാക്കി.
രാജ്യത്തെ പ്രമുഖ ജുവലറി ശൃംഖലകളിലൊന്നാണ് കല്യാൺ. 1993ൽ ടി.എസ്.കല്യാണ രാമൻ തൃശൂരിൽ തുടക്കം കുറിച്ച ഒരു ജൂവലറിയാണ് ഇന്ന് രാജ്യത്തും വിദേശത്തുമായി വളർന്നത്. 21 സംസ്ഥാനങ്ങളിലായി കല്യാണിന് ജൂവലേഴ്സിന് 107 ഷോറൂമുകളും 761 മൈകല്യാൺ എന്ന ചെറുസ്റ്റോറുകളുമുണ്ട്.മദ്ധ്യേഷ്യ ഉൾപ്പടെ അഞ്ച് രാജ്യങ്ങളിൽ 30 ഷോറൂമുകളും. 10,100 കോടിയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിറ്റുവരവ്.