plate
വാട്ടർ മെട്രോ ബോട്ടിന്റെ പ്ളേറ്റ് കട്ടിംഗ് ചടങ്ങ് കൊച്ചി കപ്പൽ ശാലയിൽ നടന്നപ്പോൾ. മധു എസ്. നായർ, അൽക്കേഷ് കുമാർ ശർമ്മ തുടങ്ങിയവർ സമീപം

കൊച്ചി: കൊച്ചിയിലെ ദ്വീപുകളെ ബന്ധിപ്പിച്ച് സർവീസ് നടത്തുന്ന ജലമെട്രോയുടെ ആദ്യ ബോട്ട് ഡിസംബറിൽ നീറ്റിലിറക്കും. ബോട്ട് നിർമ്മാണത്തിന് കൊച്ചി കപ്പൽശാലയിൽ തുടക്കമായി. നൂറു പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടുകളാണ് നിർമ്മിക്കുന്നത്.

വൈദ്യുത ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബോട്ടുകളാണ് ജലമെട്രോയ്ക്ക് വേണ്ടി നിർമ്മിക്കുന്നത്. എയർ കണ്ടീഷൻ സൗകര്യങ്ങളോടെയാണ് ബോട്ട് നിർമ്മിക്കുക. അത്യാധുനികവും മികച്ചതുമായ ബോട്ടുകൾ നിർമ്മിച്ച് കൈമാറുമെന്ന് കപ്പൽശാല ചെയർമാൻ മധു എസ്. നായർ പറഞ്ഞു. ഡിസംബറിൽ ആദ്യബോട്ട് നീറ്റിലിറക്കുകയാണ് ലക്ഷ്യം.

ബോട്ടു നിർമ്മാണത്തിന്റെ ആദ്യഘട്ടമായ പ്‌ളേറ്റ് കട്ടിംഗ് നടത്തി. ബോട്ടിന്റെ ഹൾ നിർമ്മാണ ജോലിയാണ് കപ്പൽശാല ചെയർമാൻ മധു എസ്. നായർ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ അൽക്കേഷ് കുമാർ ശർമ്മ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ആരംഭിച്ചത്.

സ്വകാര്യ പങ്കാളിത്തം

പൊതു സ്വകാര്യ പങ്കാളിത്ത പി.പി.പി പദ്ധതി പ്രകാരമാണ് ജലമെട്രോ നടപ്പാക്കുന്നത്. ജെട്ടികളുടെ നിർമ്മാണം, അനുബന്ധ സൗകര്യങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ തുടങ്ങിയവയിലാണ് സ്വകാര്യ സംരംഭകർക്ക് മുതൽ മുടക്കിന് അവസരം നൽകുന്നത്.

ജലമെട്രോ ഇങ്ങനെ

നടത്തിപ്പ് : കൊച്ചി മെട്രോ

ചെലവ് : 747.28കോടി രൂപ

വായ്പ നൽകുന്നത് : കെ.എഫ്.ഡബ്ളിയു ജർമ്മനി

ആകെ ദൂരം : 78 കിലോമീറ്റർ

റൂട്ടുകൾ : 15

സ്റ്റേഷനുകൾ: 38

ബോട്ടിന്റെ വേഗത : 8- 12 നോട്ടിക്കൽ മൈൽ

ആകെ ബോട്ടുകൾ : 78

ഹൾ മെറ്റീരിയൽ : അലുമിനിയം

സീറ്റുകൾ : 100