കൊച്ചി : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എതിർപ്പുകൾ മറികടന്ന് കോതമംഗലം മർത്തോമൻ പള്ളി ഏറ്റെടുക്കുന്നത് അപകടകരമാണെന്നും ഇൗ സാഹചര്യത്തിൽ കോടതി ഉത്തരവു പാലിച്ചില്ലെന്ന പേരിൽ തനിക്കെതിരെയുള്ള കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിക്കണമെന്നും വ്യക്തമാക്കി എറണാകുളം ജില്ലാ കളക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. കോതമംഗലം മർത്തോമൻ പള്ളി ഏറ്റെടുത്ത് ഒാർത്തഡോക്സ് വിഭാഗത്തിനു കൈമാറണമെന്ന ഉത്തരവു പാലിച്ചില്ലെന്നാരോപിച്ച് ജില്ലാ കളക്ടർക്കെതിരെ നിലവിലുള്ള കോടതിയലക്ഷ്യ ഹർജിയിലാണ് കളക്ടർ എസ്. സുഹാസ് റിപ്പോർട്ട് നൽകിയത്.

കോതമംഗലം നഗരസഭയിലെ പതിനേഴാം വാർഡ് ഉൾപ്പെടെയുള്ളവ കണ്ടെയിൻമെന്റ് സോണുകളാണ്. നഗരസഭയിൽ മാത്രം 64 കൊവിഡ് രോഗികൾ ചികിത്സയിലുണ്ട്. കോടതിഉത്തരവ് ബലം പ്രയോഗിച്ചു നടപ്പാക്കാൻ ശ്രമിച്ചാൽ മറുവിഭാഗം എതിർപ്പും പ്രതിഷേധവുമായി രംഗത്തെത്തുമെന്നും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കാനിടയുണ്ടെന്നും ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. ഇടുക്കിയിലെ മുള്ളരിങ്ങാട് പള്ളി കോടതിഉത്തരവിനെത്തുടർന്ന് ഏറ്റെടുത്തപ്പോൾ പ്രതിഷേധവുമായി 250 ഒാളം ഇടവക വിശ്വാസികളാണ് ഒത്തുകൂടി. ഇവരെ ബലംപ്രയോഗിച്ചാണ് നീക്കിയത്. പിന്നീടു കൊവിഡ് പരിശോധന നടത്തിയപ്പോൾ ജനക്കൂട്ടത്തിലുണ്ടായിരുന്ന 70 പേർക്ക് രോഗം സ്ഥിരീകരിച്ചു. മുളന്തുരുത്തി പള്ളി ഏറ്റെടുക്കാനുള്ള നടപടിയിലും സമാനമായ പ്രതിഷേധമുണ്ടായിരുന്നു. ഇവരുടെ പരിശോധനാഫലം വരാനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.