തൃക്കാക്കര: കൊവിഡ് വ്യാപനം മുതലെടുത്ത് വ്യാജ സാനിറ്റൈസർ വില്പന പൊടിപൊടിക്കുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നും വലിയ കന്നാസുകളിലായി കേരളത്തിൽ എത്തിച്ച് പിന്നീട് ചെറിയ കുപ്പികളിലാക്കിയാണ് വില്പന.പരിശോധന ശക്തമല്ലാത്തതാണ് വ്യാജന്മാർക്ക് തുണയാകുന്നത്. സൂപ്പർമാർക്കറ്റ് മുതൽ ചെറിയ കടകളിൽ വരെ ഇത്തരം സാനിറ്റൈസർ സുലഭമാണ്.
അതേസമയം .ഡ്രഗ് ലൈസൻസുള്ളവർക്ക് മാത്രമേ സാനിറ്റൈസറുകൾ കച്ചവടം നടത്താൻ അനുമതിയുള്ളു. എന്നാൽ ഇന്ന് എല്ലായിടത്തും ഇവ വില്ക്കുന്നുണ്ട്. എസെൻഷ്യൽ കൊമോഡിറ്റി ആക്ട് പ്രകാരം 200 മില്ലി ഗ്രാം സാനിറ്റൈസറിന് 100 രൂപ് മാത്രമേ ഈടാക്കാൻ അനുമതിയുള്ളൂ. എന്നാൽ 100 മില്ലിയുടെ ബോട്ടിലിന് 200 ലധികം രൂപ വരെ ഈടാക്കുന്ന കമ്പനികളും വിപണിയിലുണ്ട്.
വിലകുറവ്
അഞ്ചുലിറ്റർ-പത്തുലിറ്റർ ക്യാനുകളിലായാണ് സാനിറ്റൈസറുകൾ വിപണിയിലെത്തുന്നത്. ഇവയ്ക്ക് സീലോ മറ്റ് രേഖകളൊന്നും തന്നെയില്ല. വിലക്കുറവാണെന്നതിനാൽ ഗുണമേന്മ പരിഗണിക്കാതെ ആളുകൾ ഇത്തരം സാനിറ്റൈസർ വാങ്ങുകയാണ് ചെയ്യുന്നത്. സൂപ്പർ മാർക്കറ്റ് മുതൽ ചെറുകിട കച്ചവട സ്ഥാപനങ്ങളുടെ പ്രധാന കവാടത്തിൽത്തന്നെ സാനിറ്റൈസറുകൾ വക്കണമെന്നാണ് നിയമം.എന്നാൽ ഗുണമേന്മയുളള സാനിറ്റൈസറുകൾക്ക് പണം അധികമായതിനാൽ ഭൂരിഭാഗം കച്ചവടസ്ഥാപനങ്ങളിലും വ്യാജ ഉത്പന്നമാങ്ങി വാങ്ങിവയ്ക്കുന്നതെന്നും ആക്ഷേപമുണ്ട്.