കൊച്ചി: നികുതിവെട്ടിപ്പു നടത്താൻ ശ്രമിക്കുന്നവർക്കെതിരെയുളള നടപടികൾ കർശനമാക്കിയതായി സംസ്ഥാന ഇൻകം ടാക്‌സ് പ്രിൻസിപ്പൽ ചീഫ് കമ്മിഷണർ രവീന്ദ്രകുമാർ പറഞ്ഞു. ഇടപാടുകളെല്ലാം ഡിജിറ്റലാക്കിയതോടെ എല്ലാ നികുതിവെട്ടിപ്പുകളും പിടിക്കപ്പെടും. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) എറണാകുളം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ഡയറക്ട് ടാക്‌സസ് എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന അഞ്ചുദിവസം നീണ്ടുനിൽക്കുന്ന വെർച്വൽ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഐ.സി.എ.ഐ. സെൻട്രൽ കൗൺസിൽ അംഗം ബാബു എബ്രഹാം കള്ളിവയലിൽ, എസ്‌.ഐ.ആർ.സി. മുൻ ചെയർമാനും അംഗവുമായ ജോമോൻ കെ. ജോർജ് എന്നിവർ മുഖ്യാതിഥികളായിരുന്നു. എറണാകുളം ബ്രാഞ്ച് ചെയർമാൻ റോയി വർഗീസ്, സെക്രട്ടറി കെ.വി. ജോസ്, പി.ആർ. ശ്രീനിവാസൻ, സലിം റഷീദ്, രഞ്ജിത്ത് വാര്യർ എന്നിവർ പ്രസംഗിച്ചു.
വി. രാമനാഥ് സെമിനാർ നയിച്ചു. ഇന്ന് പുതിയ ആദായനികുതി ആക്ടിനു കീഴിൽ ചാരിറ്റബിൾ സ്ഥാനങ്ങൾക്കുള്ള നികുതി എന്ന വിഷയത്തിൽ തിരുപ്പതിയിൽനിന്നുള്ള ഇ. ഫൽഗുണകുമാർ, 26ന് ആദായനികുതി നിയമത്തിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ വരുത്തിയ മാറ്റങ്ങൾ സംബന്ധിച്ച് ചെന്നൈയിൽനിന്നുള്ള ടി. ഭാനുശേഖർ, 27ന് ആദായനികുതി നിയമത്തിലെ പിഴകൾ സംബന്ധിച്ച് മുംബയിൽനിന്നുള്ള ജഗദീഷ് പഞ്ചാബി, 28ന് അന്താരാഷ്ട്ര നികുതികളിൽ അടുത്തിടെയുണ്ടായ മാറ്റങ്ങൾ സംബന്ധിച്ച് തിരുപ്പതിയിൽനിന്നുള്ള ഇ. ചൈതന്യ എന്നിവർ ക്ലാസ് നയിക്കും.