തൃക്കാക്കര : ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രാഥമിക സമ്പർക്ക പട്ടികക്ക് പുറത്തുള്ള പുതിയ രോഗികളുടെ എണ്ണത്തെ ആസ്പദമാക്കി നടപ്പാക്കാൻ ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു. ഒരു പ്രദേശം കണ്ടെയ്ൻമെന്റ് സോണായി നിശ്ചയിച്ചാൽ ഏഴു ദിവസങ്ങൾക്കു ശേഷം പ്രദേശത്തെ സ്ഥിതി വിലയിരുത്തും. നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്ക പട്ടികക്ക് പുറത്തുള്ള ആർക്കെങ്കിലും ഈ കാലയളവിൽ രോഗം സ്ഥിരീകരിച്ചാൽ പ്രദേശം കണ്ടെയ്ൻമെന്റ് സോണായി തുടരും.ഉറവിടം വ്യക്തമാക്കാതെ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ പ്രാഥമിക സമ്പർക്ക പട്ടിക തയ്യാറാക്കും. പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സമ്പർക്ക പട്ടിക തയ്യാറാക്കാൻ ആവശ്യമായ സഹായങ്ങൾ നൽകും. പൂർത്തിയായ പട്ടിക ജില്ല അതോറിറ്റിക്ക് സമർപ്പിക്കും.


കുടുംബാംഗങ്ങൾ ഉൾപ്പടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എല്ലാവരും 14 ദിവസം ക്വാറന്റൈനിൽ കഴിയണം. ക്വാറന്റൈൻ പാലിക്കുന്നുണ്ടെന്ന് ആർ. ആർ. ടി ഉറപ്പാക്കണം. നിരീക്ഷണത്തിൽ കഴിയുന്ന ആളുകളുടെ അനുവാദത്തോടെ വീടിന് മുന്നിൽ ' സമൂഹത്തിന്റെ നന്മക്കായി ഞങ്ങൾ ക്വാറന്റൈനിൽ കഴിയുന്നു എന്ന പോസ്റ്റർ പതിക്കണം. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് അവശ്യ സാധനങ്ങൾ ലഭിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. ഈ സ്ഥലങ്ങളിൽ രോഗ ലക്ഷണമുള്ള എല്ലാവരും പരിശോധനക്ക് വിധേയരാകണം. പ്രാഥമിക സമ്പർക്കപട്ടികക്ക് പുറത്തുള്ള കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ,​സാഹചര്യം വിലയിരുത്തി മൈക്രോ കണ്ടെയ്ൻമെന്റ് അല്ലെങ്കിൽ വാർഡ് കണ്ടെയ്ൻമെന്റ് നടപ്പാക്കണം. സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കറെ, എസ്. പി. കെ കാർത്തിക്, ഡി. സി. പി ജി. പൂങ്കുഴലി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. കെ കുട്ടപ്പൻ, ദേശിയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്റ്റ്‌ ഓഫീസർ ഡോ. മാത്യൂസ് നുമ്പേലി, ജില്ലാ സർവെയ്‌ലൻസ് ഓഫീസർ ഡോ. ശ്രീദേവി എസ് എന്നിവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.