മൂവാറ്റുപുഴ: അയവന ഗ്രാമ പഞ്ചായത്തിൽ കൊവിഡ് വ്യാപിച്ചതിനെ തുടർന്ന് ഇന്നലെ നടന്ന രണ്ടാം ഘട്ട ആന്റിജൻ ടെസ്റ്റിൽ 60 പേർ പങ്കെടുത്തു. ഇവരിൽ ആർക്കും പോസിറ്റീവ് കേസുകളില്ല. ഞായറാഴ്ച രാത്രി 3,4,5 വാർഡുകളിലായി 4 പോസീറ്റീവ് കേസുകൾ റിപ്പോർട്ടു ചെയ്തതുൾപ്പടെ 29 കേസുകളാണ് പഞ്ചായത്തിൽ ആകെയുള്ളത്. കാലാമ്പൂർ മേഖലയിലെ മൂന്ന് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിൽ തുടരുകയാണ്. ഇന്നലെ നടന്ന ആന്റിജൻ ടെസ്റ്റ് റിസൽട്ടിന്റെ അടിസ്ഥാനത്തിൽ ഈ വാർഡുകളിൽ ഇളവ് നൽകണമെന്ന് കരുതിയതാണ്. എന്നാൽ ഇന്ന് എൽദോഎബ്രാഹാം എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ആർ.ഡി.ഒയുടെ ചേംബറിൽ നടക്കുന്നഉന്നതതല യോഗത്തിനു ശേഷം സോണുകളിൽ ഇളവു നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റെബി ജോസ് പറഞ്ഞു. ആന്റീജൻ ടെസ്റ്റിന് വിധേയരായവർ നാല് ദിവസത്തിനകം വീണ്ടുമൊരു ടെസ്റ്രിനുകൂടി വിധേയമാകണമെന്നതിനാൽ കഴിയുന്നതും വീട്ടിൽ തന്നെ കഴിയണമെന്നും ഗ്രാമ പ‌ഞ്ചായാത്ത് പ്രസിഡന്റ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.