ആലുവ: പൊതുസ്ഥലത്ത് കൊവിഡ് മാനദണ്ഡം ലംഘിച്ചത് ചൂണ്ടികാട്ടിയ പിങ്ക് പൊലീസിനെ ഭീഷണിപ്പെടുത്തിയ കാറ്ററിംഗ് സർവീസ് സ്ഥാപന ഉടമക്കും സഹായിക്കുമെതിരെ ആലുവ പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രമീള രാജന്റെ നേതൃത്വത്തിൽ പിങ്ക് പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെ കാറ്ററിംഗ് സ്ഥാപനത്തിന് സമീപം ഉടമയും സഹായിയും മാസ്ക് ധരിക്കാതെ സംസാരിച്ച് നിൽക്കുകയായിരുന്നു. മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് നിൽക്കുന്നത് ശിക്ഷാർഹമാണെന്നും പേരും വിലാസവും പറയണമെന്നും ആവശ്യപ്പെട്ടപ്പോഴാണ് പൊലീസിനെ ഭീഷണിപ്പെടുത്തുകയും കയർക്കുകയുംചെയ്തത്. തുടർന്ന് പിങ്ക് പട്രോൾ സംഘം ആലുവ സ്റ്റേഷനിലെത്തി സി.ഐ എൻ. സുരേഷ് കുമാറിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് കേസെടുത്തത്.