ഫോർട്ടുകൊച്ചി: കൊവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തിൽ ഫോർട്ടുകൊച്ചി പൊലീസ് അടച്ചു പൂട്ടിയ പ്രധാന റോഡ് ഒരു ഡിവിഷൻ കൗൺസിലറിന്റെ നേതൃത്വത്തിൽ നാട്ടുകാർക്ക് തുറന്ന് കൊടുത്തു. ഫോർട്ട് കൊച്ചി ആസ്പിൻവാൾ ജംഗ്ഷനിൽ നിന്നും തോപ്പുംപടി ഭാഗത്തേക്ക് പോകുന്ന പ്രധാന റോഡാണ് തുറന്ന് കൊടുത്തത്. ഈ ഭാഗത്ത് സമ്പർക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്നാണ് റോഡ് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചത്.കൗൺസിലറെ അറിയിക്കാതെ പൊലീസ് റോഡ് അടച്ചതാണ് ചൊടിപ്പിച്ചത്. ആശുപത്രിയിലേക്ക് പോകാൻ കഴിയുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് റോഡ് തുറന്നുകൊടുത്തിരിക്കുന്നത്. എന്നാൽ ഈ വിവരം സ്ഥലത്തെ സി.ഐ.യോ എസ്.ഐ.യോ അറിഞ്ഞിട്ടില്ല. രാമേശ്വരം കോളനി ഭാഗത്ത് റോഡ് അടച്ചതിനാൽ ഈ ഭാഗത്തെ മാലിന്യനീക്കം നിലച്ചു. അടച്ച റോഡ് തുറന്നതോടെ ഈ ഭാഗത്ത് ജനങ്ങൾ കൂട്ടം കൂടാൻ തുടങ്ങിയത് സമ്പർക്ക രോഗത്തിന് വഴി ഒരുക്കുന്ന സ്ഥിതിയാണ്.