video

കൊച്ചി:ലോകത്തിലെ ഏറ്റവും മികച്ച വിഡിയോ കോൺഫറൻസ് ആപ്പുകളായ സൂമിനും ഗൂഗിൾ മീറ്റിനും വെല്ലുവിളി ഉയർത്തി ഇന്ത്യയുടെ ഔദ്യോഗിക ആപ്പായി കേരളം സമ്മാനിച്ച വികൺസോൾ ഈ സാമ്പത്തികവർഷം പത്തുലക്ഷം ഉപയോക്താക്കളെ ലക്ഷ്യമിട്ട് അടുത്ത മാസം വിപണിയിലെത്തും.

കൊവിഡ് കാലത്ത് വീഡിയോ കോൺഫറൻസ് (വിസി) സംവിധാനം ഏറ്റവുമധികം ആവശ്യമുള്ള മേഖലകളായ ഓൺലൈൻ അധ്യയനത്തിലും ടെലിമെഡിസിനിലുമായിരിക്കും വികൺസോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ആപ്പ് വികസിപ്പിച്ച ചേർത്തല ഇൻഫോപാർക്ക് ഐടി കമ്പനിയായ ടെലിജെൻഷ്യ സോഫ്റ്റ്‌വെയർ ടെക്‌നോളജീസ്(ടിഎസ്ടി) സി.ഇ.ഒ ജോയ് സെബാസ്റ്റ്യൻ വ്യക്തമാക്കി.

കേന്ദ്ര ഇലക്ട്രോണിക്‌സ്‌ ഐടി വകുപ്പു നടത്തിയ ഗ്രാൻഡ് ഇന്നോവേഷൻ ചാലഞ്ചിലാണ് രണ്ടായിരത്തോളം കമ്പനികളെ പിന്തള്ളി വികൺസോൾ ചരിത്രം സൃഷ്ടിച്ചത്.

ഒരേ സമയം 80 പേർക്ക് പങ്കെടുക്കാനും 300 പേർക്ക് വീക്ഷിക്കാനും കഴിയുന്ന വികൺസോൾ തൽക്കാലത്തേയ്ക്ക് ചെറിയ ഫീസോടെയായിരിക്കും വിപണിയിറക്കുക.

മലയാളമടക്കം എട്ടു പ്രധാന ഇന്ത്യൻ ഭാഷകളിൽ ലഭിക്കും.

ആദ്യ ആഴ്ച സൗജന്യമായി ഉപയോഗിക്കാം. തൃപ്തിപ്പെടുന്നുണ്ടെങ്കിൽ മാത്രം പിന്നീട് ഫീസ് നൽകാം.

ഇന്നോവേഷൻ ചാലഞ്ചിൽ ഒന്നാമതെത്തിയതിന് ഒരു കോടി രൂപ കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാർ ഓഫീസുകളിൽ ഇനി വികൺസോൾ ആയിരിക്കും ഔദ്യോഗിക വിസി ആപ്.

മൂന്നു വർഷത്തേയ്ക്കാണ് കേന്ദ്ര സർക്കാരുമായി കരാർ

കഴിഞ്ഞ ഏപ്രിൽ 12ന് ആരംഭിച്ച ഗ്രാൻഡ് ഇന്നൊവേഷൻ ചാലഞ്ചിൽ ഇനി മുന്നോട്ടു പോകാനാവില്ലെന്ന് പലപ്പോഴും തങ്ങൾക്ക് തോന്നിയിരുന്നുവെന്ന് ജോസ് സെബാസ്റ്റ്യൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മ നിർഭർ ഭാരത്‌ന്റെ ഭാഗമായിട്ടായിരുന്നു ഇന്ത്യയുടെ സ്വന്തം വിസി ആപ്പിനുവേണ്ടി മത്സരം സംഘടിപ്പിച്ചത്.