കൊച്ചി: സിനിമാക്കാരനായിരുന്നു ശ്രീകുമാർ അരൂക്കൂറ്റി. പത്തുവർഷം മുമ്പ് ആനകളെ ചങ്ങലയ്ക്കിട്ട് പീഡിപ്പിക്കുന്നതിനെക്കുറിച്ച് ഡൊക്യുമെൻഡറി ചെയ്യുന്നത് വരെ. പിന്നെ, സിനിമ വിട്ടു. ആനകൾക്ക് പുറകെയായി. ഉത്സവപ്പറമ്പുകളിൽ തിടമ്പേറ്റി നിൽക്കുന്ന വീരന്മാർ മാത്രമല്ല ആനകളെന്ന് പിന്നെ ശ്രീകുമാർ മലയാളികളെ കാട്ടിത്തന്നു. ഓരോ ആനയുടെയും ജീവിത കഥ പറഞ്ഞ് അവനിലേക്ക് മലയാളികളെ അടുപ്പിച്ചു ഈ "ഇ-ഫോർ-എലിഫന്റ്മാൻ".
കുട്ടിയായിരിക്കെ ചമ്മനാട് ക്ഷേത്ര ഉത്സവത്തിന് പോകുമ്പോൾ ആനയെ ചൂണ്ടികാട്ടി തലയെടുപ്പ് കണ്ടോയെന്ന് അച്ഛൻ പറഞ്ഞത് അന്ന് ശ്രദ്ധിച്ചില്ലെങ്കിലും ഇന്ന് ഓരോ ആനയെ കാണുമ്പോഴും ശ്രീകുമാർ നോക്കും, അവന്റെ കഥയെന്തെന്ന്. എങ്കിലും ആനകളിൽ നിന്ന് എപ്പോഴും ഒരു അകലം പാലിച്ചിരിക്കണം എന്ന നിർബന്ധം ശ്രീകുമാറിനുണ്ട്.
മറക്കാനാവാത്ത അനുഭവങ്ങൾ
തമിഴ്നാട്ടിലെ മുതുമല ക്യാമ്പിൽ മുതുമല മൂർത്തിയെ ചിത്രീകരിക്കുന്നതിനിടയിൽ കാമറാമാൻ കണ്ണനെ തുമ്പികൈയിൽ കോരി നിലത്തിട്ട് കുത്തിയ കാഴ്ച ആണ് ആദ്യത്തേത്. എന്ത് ചെയ്യണമെന്നറിയാതെ പേടിച്ച് ശബ്ദംപോലും പുറത്തേക്ക് വരാത്ത അവസ്ഥയിൽ ആനയുടെ ചെവിയ്ക്ക് സമീപം ചെന്ന് കണ്ണീരോടെ കൈകൊട്ടി. കൊമ്പൂരി ആന പിൻവാങ്ങി. ആനപ്പുറത്ത് ഇരുന്നുള്ള ചിത്രീകരണത്തിനായി മറ്റൊരു കാമറാമാൻ ജയചന്ദ്രനെ പൂതിർകോവിൽ ഗണപതിയുടെ മുകളിൽ കയറ്റി. അല്പം മുന്നോട്ട് നീങ്ങിയപ്പോൾ പേടിച്ച് തലകറങ്ങിയ ജയചന്ദ്രനെ ആനപ്പുറത്ത് നിന്ന് ഇറക്കാൻ പാടുപെട്ടത് മറ്റൊരനുഭവം. തൃശൂർ വടക്കുംനാഥ ക്ഷേത്രിലെ ആനയൂട്ട് കഴിഞ്ഞ് കിട്ടിയ സമയത്ത് കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആനപ്പറമ്പിൽ നിന്ന് ഷൂട്ട്ചെയ്യുമ്പോൾ അവശനായി നിന്ന കുട്ടിയാന കാമറയ്ക്ക് മുന്നിൽ ചെരിഞ്ഞു വീഴുന്നത് കാണേണ്ടി വന്നത് മറക്കാൻ കഴിയില്ല. ആനകൾ മാത്രമല്ല, ഇപ്പോൾ ആനപാപ്പാന്മാരും ശ്രീകുമാറിന്റെ ഉറ്റ സുഹൃത്തുക്കളാണ്. സാജ് പ്രസാദ് എന്ന ആന ചരിഞ്ഞപ്പോൾ ഉടമ കുമാരൻ ആദ്യം വിളിച്ചത് ശ്രീകുമാറിനെ. സാജ് പ്രസാദിനെ അടക്കം ചെയ്യുന്ന സമയത്ത് അവനെ കെട്ടിയിരുന്ന പറമ്പിൽ താമസിച്ചിരുന്ന സ്ത്രീയുടെ കരച്ചിൽ മനുഷ്യനും ആനയും തമ്മിലുള്ള ആത്മബന്ധം കാട്ടുന്നതായിരുന്നു. ശിവസുന്ദർ എന്ന ആനയെക്കുറിച്ചുള്ള പുസ്തകത്തിന്റെ രചനയിലാണ് ശ്രീകുമാറിപ്പോൾ. 600ഓളം ആനകളെ പകർത്തിയ അനുഭവവുമായി ആനക്കുണ്ടൊരുകഥപറയാൻ എന്ന പുസ്തകം പുറത്തിറക്കിയിട്ടുണ്ട്.