tile-road
കുന്നത്തേരി പൈപ്പ് ലൈൻ റോഡിൽ നിർമ്മാണം പൂർത്തിയാകും മുമ്പേ ടൈലുകൾ ഇളകിയ നിലയിൽ

ആലുവ: ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുന്ന പൈപ്പ് ലൈൻ റോഡിന്റെ നവീകരണം മാസങ്ങൾ പിന്നിട്ടിട്ടും പൂർത്തിയായില്ല. ഇതിനിടെ നവീകരണത്തിന്റെ ഭാഗമായി വിരിച്ച ടൈലുകൾ ഇളകിയതും വിവാദമായി.

നിർമ്മല സ്കൂളിന് സമീപത്ത് നിന്നും കുന്നത്തേരി കള്ള് ഷാപ്പ് വരെയുള്ള ഭാഗത്തെ വലിയ കുഴികൾ ഉള്ളിടത്താണ് ടൈലുകൾ വിരിക്കാൻ തീരുമാനിച്ചത്. കോതമംഗലം സ്വദേശിയായിരുന്നു കരാറുകാരൻ. വാട്ടർ അതോറിട്ടിയുടെ റോഡായതിനാൽ അവരുടെ വാക്കാൽ അനുമതിയോടെയാണ് നാല് മാസം മുമ്പ് നിർമ്മാണമാരംഭിച്ചത്. രേഖാമൂലം അനുമതിയില്ലെന്ന ആക്ഷേപം ഉയർന്നതോടെ വാട്ടർ അതോറിട്ടി സ്റ്റോപ്പ് മെമ്മോ നൽകി. ജില്ലാ - ഗ്രാമ പഞ്ചായത്തുകൾ പലവട്ടം ബന്ധപ്പെട്ടെങ്കിലും സാങ്കേതികത്വം പറഞ്ഞ് എൻ.ഒ.സി നിരസിച്ചു. അൻവർ സാദത്ത് എം.എൽ.എ നിയമസഭയിൽ വിഷയം ഉന്നയിച്ചപ്പോൾ ജലസേചന വകുപ്പ് മന്ത്രിയിൽ നിന്നും അനുകൂല മറുപടി ലഭിച്ചു.

തുടർന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചുറ്റിച്ചപ്പോൾ ഓഫീസിന് മുമ്പിൽ പ്രത്യക്ഷ സമരമാരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതോടെയാണ് എൻ.ഒ.സി നൽകിയത്. ഇതേതുടർന്ന് നിർമ്മല സ്കൂൾ, എസ്.എൻ പുരം, തൈക്കാവ് എന്നിവിടങ്ങളിൽ നിർമ്മാണം പൂർത്തിയായി. കുന്നത്തേരിയിൽ ടൈൽ വിരിച്ചപ്പോഴേക്കും പ്രാദേശിക ലോക്ക് ഡൗണായി. ടൈൽ വിരിച്ച ഭാഗത്തെ നിർമ്മാണം പൂർത്തിയാക്കിയാണ് അവസാനിപ്പിച്ചതെങ്കിലും കട്ടകൾ പലയിടത്തും ഇളകി. ഷാപ്പ് പടിയിലും കട്ടകൾ വിരിക്കുമ്പോൾ കുന്നത്തേരിയിലെ തകരാർ പരിഹരിക്കാനാണ് നീക്കം.

വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കും

വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയതായി ഫണ്ട് അനുവദിപ്പിച്ച ജില്ലാ പഞ്ചായത്തംഗം അസ്ളഫ് പാറേക്കാടൻ പറഞ്ഞു. നിർമ്മാണം പൂർത്തിയായ ഭാഗത്തെ തകരാറും പരിഹരിക്കും. പ്രാദേശിക ലോക്ക് ഡൗൺ കഴിഞ്ഞതോടെ നിർമ്മാണം ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും മഴ കാരണം നടന്നില്ല. ഇതുവരെ കരാറുകാരന് പണമൊന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവാരമില്ലാത്ത നിർമ്മാണം

നിർമ്മാണം പൂർത്തിയാകും മുമ്പെ ടൈലുകൾ ഇളകിയത് നിലവാരമില്ലാത്ത സാധന സാമഗ്രികൾ ഉപയോഗിച്ചതിനാലാണെന്ന് ബി.ജെ.പി ചൂർണിക്കര പഞ്ചായത്ത് ജനറൽ സെക്രട്ടറി രാജേഷ് കുന്നത്തേരി പറഞ്ഞു. ലോക്ക് ഡൗൺ കാലമായതിനാൽ വാഹനങ്ങൾ കുറവായിട്ടും റോഡ് തകർന്നതിന് പിന്നിൽ ഉദ്യോഗസ്ഥ- രാഷ്ട്രീയ അഴിമതിയുടെ തെളിവാണ്.