കേരളത്തിൽ ഓണത്തിന്റെ വരവറിയിക്കുന്ന അത്തച്ചമയ ഘോഷയാത്രയും പത്തുനാൾ നീളുന്ന ആഘോഷങ്ങളും ഉത്‌സവഛായ പകരുന്ന രാജനഗരിയായ തൃപ്പൂണിത്തുറയും മഹാബലിയുടെ കാൽപ്പാദം പതിഞ്ഞ തൃക്കാക്കരയും ഇക്കുറി ആലസ്യത്തിലാണ്. ആരവമില്ല, ആഘോഷമില്ല, ആൾക്കൂട്ടവുമില്ല.
ഉത്‌സവവും ആഘോഷവുമല്ല, കൊവിഡ് മഹാമാരിയെ ചെറുക്കുകയാണ് ആവശ്യമെന്ന തിരിച്ചറിവിലാണ് കൊച്ചിക്കാർ. ചിങ്ങമാസത്തിലെ അത്തം നാളിൽ തൃപ്പൂണിത്തുറയിൽ അരങ്ങേറുന്ന അത്തച്ചമയം നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആചാരമാണ്. ഓണത്തിന്റെ വരവ് വിളംബരം ചെയ്യുന്നതാണ് ഘോഷയാത്ര. രാജഭരണകാലത്ത് കൊച്ചി രാജാക്കന്മാർ തൃക്കാക്കരയപ്പനായ മഹാബലിയെ കാണാൻ നടത്തിയിരുന്ന എഴുന്നള്ളിപ്പാണ് അത്തച്ചമയഘോഷയാത്ര. രാജഭരണം അവസാനിച്ചെങ്കിലും പൈതൃകം കൈവിടാൻ ജനങ്ങൾ തയ്യാറായില്ല. തൃക്കാക്കര വരെ നീണ്ടിരുന്ന ഘോഷയാത്ര ചുരുക്കി തൃപ്പൂണിത്തുറയിൽ മാത്രമാക്കി ജനകീയ സർക്കാരുകൾ ഏറ്റെടുത്തു. നഗരസഭയുടെ നേതൃത്വത്തിൽ വർഷങ്ങളായി തുടരുന്ന ഘോഷയാത്ര ടൂറിസം വകുപ്പ് ഉൾപ്പടെ നിരവധി സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് സംഘടിപ്പിക്കുന്നത്. ഓണക്കാലത്തിന്റെ വരവറിയിക്കുന്ന ഘോഷയാത്ര ആസ്വദിക്കാൻ വിദേശികളും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടെ പതിനായിരങ്ങളാണ് നഗരവീഥികളിൽ അണിനിരക്കുക. കൊച്ചിയുടെ ഏറ്റവും വലിയ ടൂറിസം ആകർഷണം കൂടിയാണ് അത്തം ഘോഷയാത്ര.
ചരിത്രത്തിൽ ആദ്യമായി ഇക്കുറി അത്തം ഘോഷയാത്ര മുടങ്ങി. വില്ലൻ കൊവിഡ് വൈറസ് തന്നെ. സമ്പർക്കം വഴി രോഗവ്യാപനം പെരുകുന്ന സാഹചര്യത്തിൽ ഘോഷയാത്ര ഒഴിവാക്കാൻ നഗരസഭയും ബന്ധപ്പെട്ട വകുപ്പുകളും തീരുമാനിക്കുകയായിരുന്നു. പകരം ആചാരപരമായ കാര്യങ്ങൾ മാത്രം മതിയെന്ന് തീരുമാനിച്ചു. ഘോഷയാത്ര ആരംഭിക്കുന്ന തൃപ്പൂണിത്തുറ നഗരസഭാ മൈതാനത്ത് പതാക ഉയർത്തലിൽ മാത്രമായി ചടങ്ങ് ചുരുക്കി. രാജകുടുംബം കൈമാറിയ പതാക മൈതാനത്ത് എം. സ്വരാജ് എം.എൽ.എ ഉയർത്തി. നഗരസഭാ അദ്ധ്യക്ഷ ചന്ദ്രമതി ഉൾപ്പെടെ ഇരുപതിൽ താഴെപ്പേർ മാത്രമാണ് പങ്കെടുത്തത്. താളവും മേളവും ആർപ്പുവിളിയും ഉയർന്നില്ല. ഒരു വെറും സാധാരണ ദിവസം മാത്രമായി അത്തം തൃപ്പൂണിത്തുറയിൽ കടന്നുപോയി. പതിവായി അത്തച്ചമയത്തിൽ പങ്കെടുക്കുന്ന പഴമക്കാരും കലാപ്രേമികളും നിരാശരായെങ്കിലും ആഘോഷമല്ല, ആരോഗ്യവും ജീവനുമാണ് പ്രധാനമെന്ന് ആശ്വസിക്കുന്നു.
ആളനക്കമില്ലാതെ തൃക്കാക്കര
തൃക്കാക്കര മഹാക്ഷേത്രത്തിലും സ്ഥിതി വ്യത്യസ്തമല്ല. അത്തം നാളിൽ കൊടികയറി തിരുവോണത്തിന് വിഭവസമൃദ്ധമായ സദ്യയോടെ അവസാനിച്ചിരുന്ന ഉത്‌സവം ഇക്കുറിയില്ല. ക്ഷേത്രചടങ്ങുകൾ മാത്രം. വാമനമൂർത്തി മുഖ്യപ്രതിഷ്ഠയായ ക്ഷേത്രമാണ് തൃക്കാക്കര. വാമനന്റെ തൃക്കാൽ പതിഞ്ഞ കരയെന്നാണ് തൃക്കാക്കര അറിയപ്പെടുന്നത്. തൃക്കാൽ പതിഞ്ഞ കര ലോപിച്ചാണ് തൃക്കാക്കരയെന്ന പേരുമുണ്ടായത്. വാമനമൂർത്തി മുഖ്യ പ്രതിഷ്ഠയായ ക്ഷേത്രത്തോട് ചേർന്ന് മഹാദേവനും കുടികൊള്ളുന്നു. നൂറ്റാണ്ടുകളുടെ പഴക്കവും നിർമ്മാണത്തിലെ കലാപരമായ മികവും ക്ഷേത്രത്തെ പ്രശസ്തമാക്കുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിലെ ജനകീയ ഉത്സവം കൂടിയാണ് തിരുവോണ ഉത്‌സവം. അത്തം നാളിൽ കൊടിയേറിയാൽ ദിവസവും പതിനായിരങ്ങളാണ് ക്ഷേത്രത്തിൽ എത്തിയിരുന്നത്. ക്ഷേത്രത്തിന് പുറത്തെ വിശാലമായ മൈതാനം നിറയെ പന്തൽ. ക്ഷേത്രകലാരൂപങ്ങൾ ഉൾപ്പെടെ ദിവസവും അവതരിപ്പിക്കും. ദിവസവും ഉച്ചയ്ക്ക് വിഭവസമൃദ്ധായ ഓണസദ്യ. മഹാബലിത്തമ്പുരാന്റെ ഓണസദ്യ കഴിക്കാൻ ആയിരങ്ങളാണ് എല്ലാ ദിവസവും തടിച്ചുകൂടുക. വരുന്ന മുഴുവൻ പേർക്കും സദ്യ ലഭിക്കും. ഉത്രാടനാളിലെ പകൽപ്പൂരം വിഖ്യാതമാണ്. നിരവധി ഗജവീരന്മാർ തലയെടുപ്പോടെ അണിനിരക്കുന്ന പകൽപ്പൂരം ഘോഷയാത്ര വീക്ഷിക്കാൻ സ്വദേശികളും വിദേശികളും ഉൾപ്പെടെ ആയിരങ്ങളെത്തും. .
ഇക്കുറി ആഘോഷങ്ങളില്ല. കൊടിയേറിയ ഉത്‌സവം ക്ഷേത്ര ആചാരങ്ങളിൽ മാത്രമാക്കി. ഭക്തർക്ക് ദർശനത്തിന് സൗകര്യുണ്ട്. നിയന്ത്രണങ്ങളോടെ മഹാബലിത്തമ്പുരാനെ ദർശിച്ച് തൊഴുതു പ്രാർത്ഥിച്ച് മടങ്ങാം. മുൻവർഷം കടുത്ത പ്രളയം ആഘോഷങ്ങൾക്ക് മങ്ങലേൽപ്പിച്ചെങ്കിലും ഉത്സവം പതിവുപോലെ ആഘോഷിച്ചിരുന്നു.
ഉണർന്ന് ഓണവിപണി
പ്രതിദിന രോഗികൾ ഇരുനൂറും കടന്നതോടെ കടുത്ത ആശങ്കയിലായിരുന്ന ജില്ലയിലെ കൊവിഡ് ഭീതി അയഞ്ഞുതുടങ്ങി. ഓണക്കാലം മുന്നിൽ കണ്ട് ഇളവുകൾ നൽകിയതോടെ വിപണികളും ഉണർന്നുതുടങ്ങി. ദീർഘനാൾ അടച്ചിട്ടിരുന്ന എറണാകുളം, മരട്, ആലുവ, മൂവാറ്റുപുഴ മാർക്കറ്റുകൾ വീണ്ടും തുറന്നു. ഏറ്റവുമധികം പേർക്ക് കൊവിഡ് സമ്പർക്കത്തിലൂടെ ബാധിച്ച പ്രദേശം ആലുവ മാർക്കറ്റായിരുന്നു. മാർക്കറ്റിൽ നിന്ന് പടർന്ന കൊവിഡ് സമീപ പഞ്ചായത്തുകളിൽ നിരവധി പേരെയാണ് ബാധിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തിൽ ആലുവ ക്ളസ്റ്ററിൽ കുറവ് വന്നതോടെയാണ് ഇളവുകൾ അനുവദിച്ചത്.
ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ ഒന്നാണ് ആലുവ. ദേശീയപാതയോട് ചേർന്ന് പെരിയാർ തീരത്തെ മാർക്കറ്റിൽ പതിനയ്യായിരത്തിലറെപ്പേർ ദിവസവും വന്നുപോയിരുന്നു. കൊവിഡിൽ അടച്ചിട്ടതോടെ തൊഴിലും വ്യാപാരവും നഷ്ടപ്പെട്ടവരും നിരവധിയാണ്. ഇവരുടെ പ്രശ്‌നങ്ങൾക്കും പരിഹാരം എന്ന നിലയിലാണ് കഴിഞ്ഞ ദിവസം മാർക്കറ്റ് വീണ്ടും തുറന്നത്. ഓണക്കാലത്തെ വരുമാന നഷ്ടം ഒഴിവാക്കുകയും ലക്ഷ്യമായിരുന്നു. മാർക്കറ്റ് തുറന്നെങ്കിലും വലിയ പ്രതികരണം ലഭിച്ചിട്ടില്ല. ആദ്യ ദിവസം രണ്ടായിരത്തോളം പേരാണ് മാർക്കറ്റിലെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലും ആളുകളുടെ വരവ് കാര്യമായി വർദ്ധിച്ചിട്ടില്ല. കൊവിഡ് ഭീതി മൂലം ഉപഭോക്താക്കൾ വരാൻ മടിക്കുകയാണെന്ന് നഗരസഭാ അധികൃതർ പറയുന്നു. വരുന്നവരുടെ പേരുവിവരങ്ങൾ ശേഖരിച്ചു തെർമ്മൽ സ്‌കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ചുമാണ് പ്രവേശനം അനുവദിക്കുന്നത്. വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും കച്ചവടത്തെ ബാധിച്ചെന്ന് വ്യാപാരികൾ പറയുന്നു. ആലുവയ്ക്ക് പുറമെ, എറണാകുളം മാർക്കറ്റ്, ബ്രോഡ്‌വേ, മരട്, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ മാർക്കറ്റുകളിലും സ്ഥിതി മെച്ചപ്പെട്ടിട്ടില്ല. വൈകിട്ട് ഏഴിന് കടകൾ അടയ്ക്കണമെന്ന നിർദ്ദേശവും കച്ചവടത്തെ ബാധിക്കുന്നുണ്ടെന്ന് കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് ജി. കാർത്തികയേൻ പറഞ്ഞു.