കൊച്ചി: കൊവിഡ് ആശങ്കയ്ക്കിടയിലും കൊച്ചി നഗരസഭാ കൗൺസിൽ യോഗം ഇന്ന് ചേരും. അടുത്തടുത്ത ഇരിപ്പടങ്ങളുള്ള കൗൺസിൽ ഹാളിൽ സാമൂഹിക അകലം അസാദ്ധ്യമായതിനാൽ ഉച്ചയ്ക്ക് രണ്ടരയ്ക്ക് എറണാകുളം ടൗൺഹാളിലാണ് യോഗം. കൊവിഡ് ബാധിതനായ കൗൺസിലറുമായി ഇടപഴകിയ മേയർ, സെക്രട്ടറി, ഏഴ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, 30 ജീവനക്കാർ എന്നിവർ ഇന്നലെയാണ് നിരീക്ഷണ കാലവധി പൂർത്തിയാക്കിയത്. ഇവരെയെല്ലാം കഴിഞ്ഞദിവസം കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. മേയറുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്. മറ്റുള്ളവരുടെ ഫലം അറിഞ്ഞിട്ടില്ല.
പശ്ചിമകൊച്ചിയിലെ ഒരു കൗൺസിലർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞ ബുധനാഴ്ച മുതലാണ് എല്ലാവരും സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് മേയർ നിർദേശം നൽകിയത്. കഴിഞ്ഞ 17ന് നഗരസഭ ഓഫീസിലെത്തിയ കൗൺസിലർ മേയറുടെയും വിവിധ ഉദ്യോഗസ്ഥരുടെയും ഓഫീസുകൾ സന്ദർശിച്ചത് കണക്കിലെടുത്തായിരുന്നു മുൻകരുതൽ.
പശ്ചിമകൊച്ചി ഉൾപ്പെടെ മിക്ക ഡിവിഷനുകളും കണ്ടെയിൻമെന്റ് സോണുകളായതിനാൽ യോഗം നടത്തുന്നതിനോട് പലർക്കും യോജിപ്പില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിശ്ചയിച്ചിരിക്കുന്ന കൗൺസിൽ യോഗം മാറ്റി വയ്ക്കാൻ അനുവദിക്കണമെന്ന് മേയർ കഴിഞ്ഞ ദിവസം പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരന് മെയിൽ അയച്ചിരുന്നു.
കൊവിഡിനിടെയിലെ രാഷ്ട്രീയം
കഴിഞ്ഞ വ്യാഴാഴ്ച നടത്താനിരുന്ന യോഗമാണ് ഇന്ന് നടക്കുന്നത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് കൗൺസിൽ യോഗം ഓൺലൈനിലേക്ക് മാറ്റാമെന്ന് കഴിഞ്ഞ ബുധനാഴ്ച നടന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ മേയർ അഭിപ്രായപ്പെട്ടുവെങ്കിലും പ്രതിപക്ഷം വിയോജിച്ചു. അതാത് സോണൽ ഓഫീസുകളിൽ കൗൺസിലർമാർക്ക് വേണ്ട സൗകര്യം ഒരുക്കാമെന്ന നിർദേശവും അവർ അംഗീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് ഉച്ചയ്ക്ക് ടൗൺഹാളിൽ യോഗം നടത്തുന്നതെന്ന് മേയർ പറഞ്ഞു. ഓൺലൈനായി കൗൺസിൽ യോഗങ്ങൾ ചേരാമെന്ന സർക്കാരിന്റെ ഉത്തരവ് നിലനിൽക്കുന്നുണ്ട്. 34 ഡിവിഷനുകൾ കണ്ടെയിൻമെന്റ് സോണുകളാണെന്ന കാര്യം പരിഗണിക്കാതെ യോഗം ചേർന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഏഴിന് നടന്ന കൗൺസിൽ ബഹിഷ്കരിച്ച പ്രതിപക്ഷം ഇപ്പോൾ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയാണ് നിലപാട് മാറ്റിയതെന്ന് യു.ഡി.എഫ് കുറ്റപ്പെടുത്തുന്നു