കളമശേരി: തൃക്കാക്കര വാമനമൂർത്തിക്ക് ഇക്കുറി ആഘോഷങ്ങളില്ല, ക്ഷേത്രത്തിൽ വർണ്ണാഭമായ ചടങ്ങുകളില്ല, പ്രസിദ്ധമായ തിരുവോണ സദ്യയില്ല.
കൊവിഡ് നിയന്ത്രണങ്ങൾ ചരിത്രമുറങ്ങുന്ന തൃക്കാക്കര ക്ഷേത്രത്തിലെ തിരുവോണ മഹോത്സവത്തിന്റെ ശോഭ കെടുത്തി. ആഘോഷങ്ങളൊന്നുമില്ലെങ്കിലും ആചാരവും താന്ത്രികവുമായ ചടങ്ങുകൾക്ക് മുടക്കമുണ്ടാകില്ല.
കൊടിയേറ്റ് കഴിഞ്ഞാൽ തൃക്കാക്കര മേഖലയാകെ ഉത്സവാന്തരീക്ഷത്തിലാകേണ്ടതാണ്.
തിരുവോണ നാൾ വരെ നീണ്ടു നിൽക്കുന്ന പത്തു ദിവസത്തെ ഉത്സവം ജാതി മത ഭേദമന്യേയുള്ള ആഘോഷവുമാണ്. തിരുവോണ സദ്യക്ക് പതിനായിരങ്ങളാണ് എത്തുക. ഇത്തവണ ആരോഗ്യ മാനദണ്ഡങ്ങൾ പിൻതുടരുകയും സാമൂഹ്യ അകലം പാലിക്കേണ്ടതിനാലും സദ്യവട്ടങ്ങളെല്ലാം ഒഴിവാക്കി. ആലവെട്ടവും വെഞ്ചാമരവുo,മുത്തുക്കുടയും ഇല്ല. കരിവീരന്മാരുമില്ല. ഒമ്പത് ഗജവീരന്മാരായിരുന്നു അണിനിരന്നിരുന്നത്. പ്രമുഖരുടെ പ്രാമാണ്യത്തിലുള്ള പഞ്ചാരിമേളം, പാണ്ടിമേളം, നാദസ്വരം മൂന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന പൂരക്കാഴ്ച എല്ലാം ഇക്കുറി മനസുകളിൽ മാത്രം.
രാജ്യത്ത് തന്നെ വാമന പ്രതിഷ്ഠയായുള്ള വളരെ ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിൽ വാമനനോടൊപ്പം മഹാദേവനും വാഴുന്നു. തമിഴ് വൈഷ്ണവ ഭക്തർ ധാരാളം വരുന്ന ക്ഷേത്രംകൂടിയാണ്.
ഉത്രാടത്തിനും തിരുവോണത്തിനും തൃക്കാക്കര അപ്പനും മാതേവരും അത്തം മുതൽ തുടങ്ങുന്ന പൂവിടൽ ഉത്രാടത്തിന് തൃക്കാക്കരയപ്പന് വഴിമാറുന്നതായിരുന്നു ആചാരം.