samaram

കൊച്ചി: പിടിച്ചു നിൽക്കാൻ മറ്റ് മാർഗമില്ല. കൂട്ട ആത്മഹത്യയിൽ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരളാ പൈനാപ്പിൾ ഫാർമേഴ്സ് ‌അസോസിയേഷൻ സമരരംഗത്തേക്ക്. കൊവിഡിൽ 450 കോടി രൂപയുടെ കടക്കെണിയിലായ വാഴക്കുളത്തെ കൈതകർഷകർ കടുത്ത പ്രതിസന്ധിയിലാണ്. 50 ലക്ഷം രൂപയുടെ കടബാദ്ധ്യതകളെത്തുടർന്നാണ് കഴിഞ്ഞദിവസം ഒരു കർഷകൻ ആത്മഹത്യ ചെയ്തത്. ഇതുപോലെ ആത്മഹത്യയുടെ വക്കിലെത്തിയ നൂറുകണക്കിന് കർഷകർ വാഴക്കുളത്തുണ്ട്. പാട്ടത്തിനെടുത്ത ഭൂമിയിലാണ് എല്ലാവരും കൃഷി നടത്തുന്നത്. ധനകാര്യസ്ഥാപനങ്ങളിൽ നിന്നുള്ള വായ്പയാണ് പ്രധാനമൂലധനം.

2018, 2019 വർഷങ്ങളിലെ പ്രളയം കൈതകർഷകർക്ക് വൻനഷ്ടമാണുണ്ടാക്കിയത്. ഈ നഷ്ടങ്ങൾ 2020 ലെ റമദാൻ സീസണോടെ ഒരുപരിധിവരെയെങ്കിലും പരിഹരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ കൊവിഡ് വ്യാപനം പ്രതീക്ഷകൾ അസ്ഥാനത്തായി. ആഭ്യന്തരവിപണിയുടെ തകർച്ചയും ഉത്തേരന്ത്യൻ വിപണിയിലേയ്ക്കുള്ള കയറ്റുമതി മുടങ്ങിയതും പ്രതിസന്ധി ഗുരുതരമാക്കി. കിലോക്ക് 23 -24 രൂപ ഉത്പ്പാദച്ചെലവുള്ള കൈതച്ചക്ക 2.50 മുതൽ 5 രൂപവരെ വിലയ്ക്ക് വിറ്റഴിക്കാൻ കർഷകർ നിർബന്ധിതരായി.

കൈതകർഷകരുടെ പ്രശ്നങ്ങൾ ഉന്നയിച്ച കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് പല തവണ നിവേദനങ്ങൾ നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് ഫാർമേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

കർഷകരുടെ ആവശ്യങ്ങൾ

# കർഷകരുടെ വായ്പകൾ എഴുതിത്തള്ളുക

# പലിശരഹിത വായ്പകൾ നൽകുക

# താങ്ങുവില 25 രൂപയാക്കുക

# മൂല്യവർദ്ധിത ഉത്പ്പന്ന നിർമ്മാണ യൂണിറ്റുകൾ പ്രവർത്തനസജ്ജമാക്കുക

തൊഴിൽസാദ്ധ്യത

കൂടുതൽ തൊഴിൽ ദിനങ്ങളും വേതനവും ഉറപ്പുള്ള മേഖലയാണ് കൈതകൃഷി. ഒരു തൊഴിലാളിക്ക് പ്രതിദിനം 600 രൂപയാണ് കൂലി. ഒരു ഹെക്ടറിൽ വർഷം 5 മുതൽ 8 വരെ തൊഴിലാളികൾക്ക് 330 തൊഴിൽദിനങ്ങളാണ് സൃഷ്ടിക്കുന്നത്. തൈനടീൽ, വളപ്രയോഗം, കളനശീകരണം തുടങ്ങി വിവിധയിനങ്ങളിലായി ഹെക്ടറിന് ഏതാണ്ട് 6.25 ലക്ഷം രൂപ ഉത്പാദനച്ചെലവുവരും. സംസ്ഥാനത്ത് 18,000-ഓളം ഹെക്ടറിലാണ് കൃഷി നടക്കുന്നത്. 5000-ത്തിനുമേൽ കർഷകർ ഈ രംഗത്തുണ്ട്.

കർഷകർ കടുത്ത സമ്പാത്തിക പ്രതിസന്ധിയിലാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി വിഷയത്തിൽ ഇടപെടണം.

ജയിംസ് ജോർജ്

പ്രസിഡന്റ്

പൈനാപ്പിൾ ഫാർമേഴ്സ്

അസോസിയേഷൻ