arrest

കൊച്ചി: ഭക്ഷണത്തിലെ മായം ചേർക്കലിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓണക്കാല പരിശോധന ശക്തമാക്കിയതോടെ പിടിവീണത് 301 സ്ഥാപനങ്ങൾക്ക്. കഴിഞ്ഞ 17 മുതൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. നിലവിൽ നാലു സ്‌ക്വാഡുകൾ വീതം രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വരുകയാണ്. സ്‌ക്വാഡുകൾ സെപ്തംബർ അഞ്ച് വരെ പരിശോധന തുടരും. ഹോട്ടൽ, റസ്റ്റോറന്റ്, വൈകുന്നേരങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ, വഴിയോര കച്ചവടങ്ങൾ തുടങ്ങിയ ഇടങ്ങളിലാണ് പരിശോധന നടത്തുന്നത്.

18 സാമ്പിളുകൾ
ശേഖരിച്ചു

മായം ചേർത്തെന്ന് സംശയം തോന്നുന്ന ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ കാക്കനാട് റീജിയണൽ അനലറ്റിക്കൽ ലാബിലേക്ക് അയച്ച് പരിശോധനയ്ക്ക് വിധേയമാക്കും. വിവിധ സ്ഥാപനങ്ങളിൽ നിന്ന് 18 സാമ്പിളുകൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഓണക്കാലമായതിനാൽ പ്രധാനമായും വിപണി ലക്ഷ്യമിട്ട് എത്തുന്ന ശർക്കര, വെളിച്ചെണ്ണകൾ, ഭക്ഷ്യഎണ്ണകൾ, പപ്പടം, പായസം മിക്‌സ്, നെയ്യ്, പഴം, പച്ചക്കറികൾ, പയർ, പരിപ്പ് എന്നിവയുടെ സാമ്പിളുകളാണ് ശേഖരിക്കുന്നത്. ഇവയുടെ പരിശോധനാഫലത്തിൽ മായമുണ്ടെന്ന് തെളിഞ്ഞാൽ കടകൾക്കെതിരെ നടപടിയുണ്ടാകും. ഗുണനിലവാര പരിശോധനയോടൊപ്പം തന്നെ ലേബൽ ഇല്ലാതെ വിൽക്കുന്ന സാധനങ്ങളും പിടിച്ചെടുക്കുന്നുണ്ട്. ഓണക്കാലമായതിനാൽ ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നതും അമിത വിലയിൽ വിറ്റഴിക്കുന്നതും പതിവാണ്.

108 സ്ഥാപനങ്ങൾക്ക്
നോട്ടീസ് നൽകി

വില്പനയിൽ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയ ജില്ലയിലെ 108 സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നൽകി. ഇവയിൽ നിന്ന് പിഴയീടാക്കുന്നതോടൊപ്പം തന്നെ കർശന നടപടി സ്വീകരിക്കും. ഗുരുതരമായ കുറ്റം ചെയ്യുന്ന കടയുടമകളുടെ ലൈസൻസ് ഉൾപ്പെടെയുള്ളവ റദ്ദ്‌ ചെയ്യുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.

കൊവിഡ് മാനദണ്ഡം
പാലിച്ച് പരിശോധന

കൊവിഡ് മാനദണ്ഡം പാലിച്ച് ജില്ലയിലെ പ്രധാന മാർക്കറ്റുകളിലുൾപ്പെടെയാണ് പരിശോധന നടത്തുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രതിദിന പരിശോധനയ്ക്കു പുറമേയാണ് സ്‌ക്വാഡുകളുടെ പ്രവർത്തനം. അളവിലും തൂക്കത്തിലും മായം ചേർക്കുന്നവർക്കും പഴകിയവ വിറ്റഴിക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കും.

ജേക്കബ് തോമസ്
അസിസ്റ്റന്റ് കമ്മിഷണർ
ജില്ല ഭക്ഷ്യസുരക്ഷാ വകുപ്പ്