പെരുമ്പാവൂർ: ബീഹാറുകാരി പായലിന് ഈ ഓണക്കാലം അനുമോദനത്തിന്റെ പൂമഴക്കാലമാണ്.
എം.ജി സർവകലാശാലയുടെ ബി.എ ഹിസ്റ്ററി ആൻഡ് ആർക്കിയോളജി പരീക്ഷയിൽ ഒന്നാം റാങ്കുകാരിയായ ബീഹാറുകാരിയെ തേടി അഭിനന്ദനങ്ങളും സമ്മാനങ്ങളും ഒഴുകിയെത്തുന്നു.
ജീവിക്കാൻ കേരളം തെരഞ്ഞെടുത്ത അച്ഛനൊപ്പമെത്തിയ അമ്മയും മക്കളും ഇപ്പോൾ തനി മലയാളികൾ തന്നെ.
ഇല്ലായ്മയ്ക്ക് നടുവിൽ നിന്നും കൈയെത്തിപ്പിടിച്ച റാങ്ക് ഓണസമ്മാനമെന്നാണ് പായലിന്റെ പക്ഷം. മാവേലിയെയും ഓണത്തിന്റെ ഐതിഹ്യവുമെല്ലാം മലയാളികളെക്കാൾ നന്നായി പായലിനറിയാം. സ്‌ക്കൂളിലും കോളേജിലും പഠിക്കുമ്പോൾ കൂട്ടുകാരികൾക്കൊപ്പം കേരളവേഷം തന്നെയായിരുന്നു പ്രിയം.
ഇവിടെയെത്തിയ ശേഷം എല്ലാ ഓണത്തിനും ചേട്ടനും അനുജത്തിയും ചേർത്ത് പൂക്കളമിടുന്നത് മുടക്കിയിട്ടേയില്ല.
പെരുമ്പാവൂർ മാർത്തോമ്മ വനിതാ കോളേജ് വിദ്യാത്ഥിനിയാണ് പായൽ കുമാരി.
ബീഹാറിലെ ഷെയ്ക്ക്പുര ജില്ലയിൽ ഗോസായ്മതി ഗ്രാമത്തിലെ പ്രമോദ്കുമാർ, ബിന്ദുദേവി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് പായൽ. 2011ൽ തൊഴിൽ അന്വേഷിച്ച് കുടുംബം കേരളത്തിലെത്തിയപ്പോൾ പായലിന് പ്രായം നാലുവയസ്. എറണാകുളത്തെ പെയിന്റ് കടയിലെ ജോലിക്കാരനാണ് പ്രമോദ് കുമാർ.
കങ്ങരപ്പടിയിലെ വാടകവീട്ടിൽ താമസമാക്കിയ കുടുംബത്തിലെ മൂത്ത മകൻ ആകാശ് കുമാർ, രണ്ടാമത്തെ മകൾ പായൽ, ഇളയ മകൾ പല്ലവികുമാരി എന്നിവരെ ഇടപ്പളളി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ചേർക്കുകയായിരുന്നു. പായൽ 85 ശതമാനം മാർക്കോടെ പത്താം ക്‌ളാസും 95 ശതമാനം മാർക്കോടെ പ്ലസ് ടുവും നേടി. തുടർന്നാണ് പെരുമ്പാവൂർ മാർത്തോമ്മാ വനിതാ കോളേജിൽ ബി.എയ്ക്ക് ചേർന്നത്.
മക്കളുടെ പഠനച്ചെലവ് താങ്ങാൻ കഴിയാതെ പിതാവ് ബുദ്ധിമുട്ടുന്നത് കണ്ട് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് തൊഴിൽ അന്വേഷിക്കാൻ തീരുമാനിച്ച പായലിനെ കോളേജ് അധികൃതരാണ് സഹായിച്ചത്.
ഡൽഹി ജെ.എൻ.യുവിൽ പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞ് സിവിൽ സർവീസിന് ശ്രമിക്കലാണ് ലക്ഷ്യം. കേന്ദ്ര സർവകലാശാലകളിലും കേരള സർവകലാശാലയിലും ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുകയാണ് ഇപ്പോൾ. കുടുംബത്തിന്റെ പ്രാരാബ്ദം പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്.
ജ്യേഷ്ഠൻ ആകാശ്കുമാർ ബികോം കഴിഞ്ഞ് സ്വകാര്യ കമ്പനിയിൽ ജോലി നോക്കുന്നുണ്ട്. അണ്ണാമലൈ യൂണിവേഴ്‌സിറ്റിയുടെ എം.കോം കറസ്‌പോണ്ടൻസ് കോഴ്‌സിനും ചേർന്നു. പല്ലവി ഭാരതമാതാ കോളേജിൽ രണ്ടാം വർഷ ബിരുദവിദ്യാർത്ഥിനിയാണ്.
കളക്ടർ വക ലാപ്പ്‌ടോപ് സമ്മാനം
പായൽ കുമാരിക്ക് ജില്ലാ കളക്ടർ എസ്. സുഹാസ് ലാപ്‌ടോപ് സമ്മാനിച്ചു. 45,000 രൂപയോളം വിലയുള്ള എച്ച്. പി കമ്പനിയുടേതാണിത്.